മുംബൈ: ബ്രിട്ടനും യൂറോപ്യൻ യൂണിയനും പുതിയ ബ്രെക്‌സിറ്റ് കരാറിൽ എത്തിയെന്ന വാർത്തയെത്തിയതോടെ ടാറ്റാ മോട്ടോഴ്‌സ് ഓഹരികൾ 13.35 ശതമാനം ഉയർന്നു. ടാറ്റ മോട്ടോഴ്‌സിന്‍റെ യുകെ അനുബന്ധ സ്ഥാപനമായ ജാഗ്വാർ ലാൻഡ് റോവർ ബ്രിട്ടനിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളിലൊന്നാണ്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കമ്പനിയുടെ പ്രകടനത്തെ വളരെയധികം ബാധിച്ചെന്നും ബ്രെക്‌സിറ്റ് കരാർ ധാരണയായെന്ന വാർത്ത വിപണിയിൽ കൂടുതൽ ഉത്തേജനം നൽകുമെന്നും വിദഗ്ധര്‍ പറയുന്നു.
ബ്രസൽസിൽ നടന്ന ചർച്ചക്കൊടുവിലാണ് പുതിയ ബ്രെക്‌സിറ്റ് കരാറിന് ധാരണയായത്. ബിഎസ്‌ഇ സെൻസെക്സ് 453 പോയിന്‍റ് (1.17%) ഉയർന്ന് 39,052 ലും നിഫ്റ്റി 122പോയിന്‍റ് (1.07%) ഉയർന്ന് 11,586 ലും എത്തി.
ബ്രെക്‌സിറ്റ് കരാർ പാർലമെന്‍റ് ഇനിയും പാസാക്കിയിട്ടില്ല. എന്നാൽ അനിശ്ചിതത്വം അവസാനിക്കുകയാണെങ്കിൽ ഐടി, വാഹന വിപണികൾ സജീവമാകുമെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ ദീപക് ജസാനി പറഞ്ഞു.