മുംബൈ: വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂറില്‍ സെന്‍സെക്‌സ് ഓഹരി സൂചിക 100 പോയിന്‍റ് വര്‍ധിച്ച് 60,500 ലേക്ക് എത്തി. ധന, ഐടി കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കിയതാണ് ഇന്നത്തെ വര്‍ധനവിന്‍റെ പ്രധാന കാരണം.
മറ്റൊരു പ്രധാനപ്പെട്ട ഓഹരി സൂചികയായ നിഫ്‌റ്റിയും വര്‍ധിച്ചു. നിഫ്‌റ്റി 28.8 പോയിന്‍റ് വര്‍ധിച്ച് 18,032.1ലെത്തി. സെന്‍സെക്‌സ് സൂചികയില്‍ എച്ച്‌ഡിഎഫ്‌സി, സണ്‍ഫാര്‍മ, എച്ച്‌സിഎല്‍ ടെക്ക്, അള്‍ട്ര ടെക്ക്, ടെക്ക് മഹീന്ദ്ര എന്നീകമ്പനികളുടെ ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത്. ഈ ഓഹരികള്‍ 1.69 ശതമാനം വരെയാണ് വര്‍ധിച്ചത്.
സെന്‍സെക്‌സ് സൂചികയില്‍ മാര്‍ക്കറ്റ് ബ്രഡ്‌ത്ത് ഫിഫ്‌റ്റി ഫിഫ്‌റ്റിയാണ്. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ 15 കമ്പനികളുടെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
ALSO READ:കേന്ദ്ര സര്‍ക്കാറിന് ഓഹരി നല്‍കാന്‍ തീരുമാനിച്ച് വൊഡാഫോണ്‍-ഐഡിയ
പ്രതീക്ഷകള്‍ക്ക് ഉപരിയായി ഈ വര്‍ഷം നിഫ്‌റ്റി സൂചികയില്‍ നാല് ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്‌റ്റ്‌മെന്‍റ് സ്‌ട്രാറ്റജിസ്‌റ്റ് വി.കെ വിജയകുമാര്‍ പറഞ്ഞു. നിഫ്‌റ്റിയില്‍ ബാങ്ക് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട പ്രമുഖ വാണിജ്യ ബാങ്കുകളുടെ ഓഹരികള്‍ക്ക് എട്ട് ശതമാനം വര്‍ധനവാണ് ഈ മാസം ഉണ്ടായത്. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ധനകാര്യകമ്പനികള്‍ , ഐടി കമ്പനികള്‍, ടെലികോം കമ്പനികള്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനികള്‍ എന്നിവയുടെ ബാലന്‍സ് ഷീറ്റ് മികച്ചതായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഈ പ്രതീക്ഷയാണ് ഓഹരിവിപണികളില്‍ ഉണര്‍വുണ്ടാക്കുന്നത്.
ഏഷ്യയിലെ മറ്റ് പ്രധാനപ്പെട്ട ഓഹരി വിപണികളില്‍ ഇന്ന് സമ്മിശ്ര പ്രതികരണമായിരുന്നു. ചൈനയിലെ ഷാങ്കായി, ജപ്പാനിലെ ടോക്കിയോ ഓഹരി വിപണി സൂചികകള്‍ താഴോട്ടുപോയപ്പോള്‍ ഹോങ്കോങിലേയും തായ്‌വാനിലേയും ഓഹരിവിപണികള്‍ നേട്ടമുണ്ടാക്കി.