കണ്ണൂർ: റബ്ബര്‍ വില ഉയര്‍ന്നതോടെ ജില്ലയിലെ മലയോരമേഖലയില്‍ ഉള്‍പ്പെടെ മഴക്കാല ടാപ്പിങ് ഊര്‍ജിതമായി. നേരത്തെ റബ്ബറിന്‍റെ വിലത്തകര്‍ച്ചയെ തുടർന്ന് ഒരുപാട് പേര്‍ കൃഷി ഉപേക്ഷിച്ച് തോട്ടങ്ങളില്‍ മറ്റു വിളകളും കൃഷി ചെയ്തു തുടങ്ങിയിരുന്നു.
പ്രധാന റബ്ബർ കയറ്റുമതി രാജ്യങ്ങളായ മലേഷ്യ, ഇന്‍ഡൊനേഷ്യ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ മഴയും വെള്ളപ്പൊക്കവും കാരണം ഉദ്‌പാതനം ഗണ്യമായി കുറഞ്ഞതും അന്താരാഷ്‌ട്ര വിപണിയിൽ വിലവര്‍ദ്ധനയ്ക്ക് കാരണമായിട്ടുണ്ട്. വില ഉയരുമ്പോഴും ടയര്‍ കമ്പനികൾ റബ്ബര്‍ വാങ്ങിക്കൂട്ടാന്‍ കാണിക്കുന്ന ഉത്സാഹം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പ്രതീക്ഷയേകുന്നുണ്ട്. മുമ്പ് നാലാംതരം റബ്ബറിന് കിലോയ്ക്ക് 242 രൂപവരെയായി ഉയര്‍ന്നിരുന്നു. കൊവിഡ് നാളുകളില്‍ നാലാംതരം റബ്ബറിന് കിലോയ്ക്ക് 118 രൂപ വരെയായി വില താഴ്ന്നു. ഇതാണ് 150 ആയി ഉയര്‍ന്നത്. നിലവിലെ അന്താരാഷ്‌ട്ര വില 158 രൂപയാണ്.
വരും ദിവസങ്ങളിൽ ഈ വിലയിലേക്ക് അടുക്കും. ഉദ്‌പാതനം കുറഞ്ഞതും ടയറുകള്‍ക്ക് ആവശ്യം കൂടിയതും ചൈനയില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചതുമാണ് വിലക്കുതിപ്പിന് ആക്കം കൂട്ടുന്നത്. ചൈനയില്‍ നിന്ന് റബ്ബര്‍ വ്യവസായ സാമഗ്രികളുടെ വരവില്‍ നിയന്ത്രണം വന്നതും ആഭ്യന്തരവില ഉയരാന്‍ കാരണമായി. ഇതേത്തുടര്‍ന്ന് രാജ്യത്ത് അടഞ്ഞുകിടന്ന റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്. വരും നാളുകളില്‍ വലിയ വിലവര്‍ദ്ധനവിന് സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. വില വർദ്ധവിനെ ത്വരിതപ്പെടുത്തുന്ന നടപടികൾ സർക്കാറുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്നാണ് കർഷകരുടെ ആവിശ്യം.