പെട്ടെന്നുള്ള നിങ്ങളുടെ പണത്തിന്‍റെ ആവശ്യം നിറവേറ്റുന്നതിന്, ഒരു ഭവന വായ്‌പ നേരത്തേയുണ്ടെങ്കില്‍, പരിഗണിക്കാന്‍ കഴിയുന്ന നല്ല ഉപാധിയാണ് അതിന്‍മേലുള്ള ടോപ്പ് അപ്പ് ലോണുകള്‍. കാരണം ലോണിനായി പുതിയൊരു ഈടിന്‍റെ ആവശ്യമില്ല, കൂടാതെ വ്യക്തിഗത ലോണിനേക്കാള്‍ കുറഞ്ഞ പലിശയെന്നതും ഇതിന്‍റെ ഗുണങ്ങളാണ്.
കൂടാതെ ഭവന വായ്‌പയ്ക്ക് ലഭിക്കുന്ന അദായനികുതി ഇളവുകള്‍ അതിന്‍മേലുള്ള ടോപ്പ് അപ്പ് ലോണുകള്‍ക്കും ലഭിക്കും. ആദായനികുതി നിയമത്തിന്‍റെ 24, 80സി വകുപ്പുകള്‍ പ്രകാരമാണ് നിങ്ങള്‍ ഇളവിനായി അപേക്ഷിക്കേണ്ടത്. ഇതില്‍ ശ്രദ്ധിക്കേണ്ടകാര്യം ടോപ്പ് അപ്പുകളില്‍ ലഭിക്കുന്ന തുക മുഴുവനും അത് അനുവദിക്കപ്പെട്ട(വീട് നിര്‍മ്മാണം, വീട് വാങ്ങല്‍) കാര്യങ്ങള്‍ക്ക് വേണ്ടി പൂര്‍ണമായി വിനിയോഗിച്ചുവെന്ന് കാണിക്കുന്ന രേഖകള്‍ നിങ്ങളുടെ കൈവശം വേണം എന്നുള്ളതാണ്.
നിലവിലെ വായ്പയിന്‍മേല്‍ എടുക്കുന്ന വായ്പകളെയാണ് ടോപ്പ് അപ്പ് ലോണുകള്‍ എന്ന് പറയുന്നത്. മിക്കവാറും നിലവിലെ വായ്പയിന്‍ മേലുള്ള അതേപലിശയും തിരിച്ചടവ് കാലാവധിയുമായിരിക്കും ടോപ്പ് അപ്പ് വായ്പകള്‍ക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഭവന വായ്പയുടെ തിരിച്ചടവ് കാലാവധി 20 വര്‍ഷമാണെങ്കില്‍ അതിന്‍മേലുള്ള ടോപ്പ് അപ്പ് വായ്പകളുടെ തിരിച്ചടവ് കാലാവധിയും അത് തന്നെയായിരിക്കും.
ഓവര്‍ഡ്രാഫ്റ്റ്
ചില ബാങ്കുകള്‍ ഭവന വായ്പകളിന്‍മേല്‍ ഓവര്‍ഡ്രാഫ്റ്റുകളും അനുവദിക്കാറുണ്ട്. നിങ്ങളുടെ കറണ്ട് അക്കൗണ്ടുകളില്‍ ഉള്ളതിനേക്കാളും കൂടുതല്‍ പണം ആവശ്യമായി വരുമ്പോഴാണ് ബാങ്കുകള്‍ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കുന്നത്. ഭവനവായ്പകളിന്‍ മേലുള്ള ഓവര്‍ഡ്രാഫ്റ്റിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ ഭവന വായ്പകളേക്കാള്‍ അല്പം കൂടുതലായിരിക്കും. ഈ പലിശ പേഴ്‌സണല്‍ വായ്പകളിലെ പലിശയേക്കാള്‍ കുറവാണ്. ടോപ്പ് അപ്പ് ലോണുകളെ അപേക്ഷിച്ച് ഓവര്‍ഡ്രാഫ്റ്റിന്‍റെ ഗുണം നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം പണം വായ്പയായി സ്വീകരിച്ചാല്‍ മതിയെന്നുളളതാണ്.
ടോപ്പ്അപ്പുകള്‍ പെട്ടെന്ന് ലഭ്യമാകും
താരതമ്യേന കുറഞ്ഞ സമയം കൊണ്ട് ടോപ്പ് അപ്പ് ലോണുകള്‍ അനുവദിക്കപ്പെടുമെന്നുള്ളത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം ഗുണമാണ്. വായ്പയെടുക്കുന്ന വ്യക്തി ബാങ്കിന്‍റെ ഉപഭോക്താവ് ആയതുകൊണ്ട് തന്നെ അയാളെ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന്‍റെ കൈവശമുള്ളതാണ് ഇതിന് കാരണം.
ഇഎംഐ(വായ്പയിന്‍മേലുള്ള മാസത്തവണ) അടച്ചതിന്‍റേയും, വരുമാനം സംബന്ധിച്ച രേഖകളുമാണ് ടോപ്പ് അപ്പ് അനുവദിക്കുമ്പോള്‍ നിങ്ങള്‍ ബാങ്കില്‍ സമര്‍പ്പിക്കേണ്ടത്. വായ്പയുടെ ഈടായ വീടിന്‍റെ വിപണിമൂല്യം, വരുമാനം, ഉപയോഗപ്പെടുത്തിയ വായ്പ തുക എന്നിവയുടെ അടിസ്ഥാനത്തിലാണ് ടോപ്പ് അപ്പ് വായ്പ തുക എത്രയാണെന്ന് ബാങ്ക് തീരുമാനിക്കുക.
ALSO READ: Skoda Slavia | സ്കോഡയുടെ പുതിയ പ്രീമിയം സെഡാന്‍ 'സ്ലാവിയ' നിരത്തുകളിലേക്ക്