ന്യൂഡൽഹി: 2019-20 എല്ലാ ശീതകാല വിളകളുടെയും (റാബി) താങ്ങു വില (എംഎസ്‌പി ) വർദ്ധിപ്പിച്ച് മോദി സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റിയുടെ (സിസിഇഎ) യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കമ്മീഷൻ ഫോർ അഗ്രികൾച്ചർ കോസ്റ്റ് ആന്‍റ് പ്രൈസ് (സിഎസിപി) ശുപാർശകളുടെ അടിസ്ഥാനത്തിലാണ് വർധനവ്.
ഗോതമ്പിന്‍റെ താങ്ങു വില ക്വിന്‍റലിന് 85 രൂപ വർധിച്ച് 1,925 രൂപയായും പയറുവർഗ്ഗങ്ങൾക്ക് ക്വിന്‍റലിന് 325 രൂപ വരെ വർധിപ്പിച്ചതായും സിസിഇഎ യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു. ബാർലി ക്വിന്‍റലിന് 85 രൂപ വർധിച്ച് 1,525 രൂപയായി വർധിച്ചു. കഴിഞ്ഞ വർഷം ക്വിന്‍റലിന് 1,440 രൂപയായിരുന്നു.
കടല കഴിഞ്ഞ വർഷം ക്വിന്‍റലിന് 4,620 രൂപയിൽ നിന്ന് ഈ വർഷം ക്വിന്‍റലിന് 255 രൂപ കൂട്ടി 4,875 രൂപയായി ഉയർത്തി. 2018-19 കാലയളവിൽ ക്വിന്‍റലിന് 4,200 രൂപയായിരുന്ന എണ്ണക്കുരുക്കൾ, കടുക് എന്നിവയുടെ താങ്ങു വില 2019-20ൽ ക്വിന്‍റലിന് 225 രൂപ വർദ്ധിപ്പിച്ച് 4,425 രൂപയായി.
കുങ്കുമത്തിന് കഴിഞ്ഞ വർഷം ക്വിന്‍റലിന് 4,945 രൂപയായിരുന്ന താങ്ങുവില ഈ വർഷം ക്വിന്‍റലിന് 270 രൂപയോളം വർധിപ്പിച്ച് 5,215 രൂപയായി ഉയർത്തി.