മുംബൈ: റെക്കോഡ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 546.41 പോയിന്‍റ് അഥവാ 1.02 ശതമാനം ഉയർന്ന് 54,369.77ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128.05 പോയിന്‍റ് അഥവാ 0.79 ശതമാനം നേട്ടത്തോടെ 16,258ൽ എത്തി.
Also Read: ഷോർട്ട് വീഡിയോ ക്രിയേറ്റർമാർക്കായി 100 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുട്യൂബ്
എസ്ബിഐയുടെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നത് ധനകാര്യ ഓഹരികൾക്ക് ഗുണം ചെയ്‌തു. എന്നാൽ ധനകാര്യ മേഖല ഒഴികെയുള്ള സൂചികകൾക്ക് കാര്യമായ നേട്ടം ഉണ്ടായില്ല. കഴിഞ്ഞ ദിവസം വിപണിയിലുണ്ടായ നേട്ടത്തെ തുടർന്ന് നിക്ഷേപകർ വ്യാപകമായി ലഭമെടുപ്പ് നടത്തിയതും വിപണിയെ ബാധിച്ചു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനം നേട്ടത്തോടെ റെക്കോഡ് ഉയരത്തിലെത്തി.
എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എയു സ്മോൾ ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എം&എം ഫിനാൻസ്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. വൊഡാഫോണ്‍ ഐഡിയ, ഇൻഡസ് ടവേഴ്‌സ്, പിഐ ഇൻഡസ്ട്രീസ്, അശോക് ലൈലാൻഡ് തുടങ്ങിയവരുടെ ഓഹരികളാണ് കൂടുതൽ നഷ്ടം നേരിട്ടത്.