മലപ്പുറം: സംസ്ഥാനത്ത് കോഴി വിലയിൽ വൻ വർധനവ്. കഴിഞ്ഞമാസം 85 രൂപയ്‌ക്ക് വിറ്റിരുന്ന കോഴിയാണ് ഇപ്പോൾ ഇരട്ടി വിലയിലേക്ക് എത്തിയിരിക്കുന്നത്. നിലവിൽ 148 മുതൽ 155 രൂപക്കാണ് സംസ്ഥാനത്ത് ചില്ലറയായി കോഴി വില്പന നടത്തുന്നത്.
Also Read:ആധാർ കാർഡിലെ വിവരങ്ങൾ എങ്ങനെ സുരക്ഷിതമാക്കാം
ഇത് കോഴി ഇറച്ചിയാണെകിൽ 210 മുതൽ 235 രൂപ വരെയാകും വില. സംസ്ഥാനത്ത് കോഴിത്തീറ്റയ്‌ക്ക് വില വർധിച്ചതാണ് കോഴിവില ഉയരാൻ കാരണമെന്ന് പൗൾട്രി ഫാംസ് സംസ്ഥാന സെക്രട്ടറി കാദറലി വറ്റല്ലൂർ പറയുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഇറച്ചിക്കോഴി എത്താത്തതും വില വർധനവിന് കാരണമായി. മൂന്നു ലക്ഷം കോഴി ഫാമുകളുണ്ടായിരുന്ന സംസ്ഥാനത്ത് നിലവിൽ 80,000 ഫാമുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.
കൊവിഡ് മൂലം 2,22000 ഫാമുകളാണ് അടച്ചു പൂട്ടിയത്. ഫാമുകൾ തുറക്കാൻ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും യാതൊരു തരത്തിലുള്ള നടപടിയും ഉണ്ടായിട്ടില്ലെന്നും പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യവിലയും ഉയർന്നു നിൽക്കുകയാണ്. ഇതിന് ഇടയിലാണ് വലിയ പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കോഴി വിലയും കുത്തനെ ഉയരുന്നത്.