ഒരു കാലത്ത് ഇന്ത്യയിലെ ഇരുചക്ര വാഹന രംഗത്ത് തംരംഗമായിരുന്നു കവാസാക്കി ബജാജിന്‍റെ കാലിബർ ബൈക്ക്. ഹൂഡിബാബ പരസ്യത്തിലൂടെ തരംഗം സൃഷ്ടിച്ച കവാസാക്കി ബജാജിന്‍റെ കാലിബർ ബൈക്ക് തിരിച്ചെത്തിക്കുകയാണ് ബജാജ്.
കാലിബർ നെയിംപ്ലേറ്റിനായി ബജാജ് വീണ്ടും ട്രേഡ്‌മാർക്ക് അപേക്ഷ നൽകി. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എത്തുക പഴയ കാലിബറോ..?
എന്നാൽ ആ പഴയ 110 സിസി ബൈക്കല്ല, തിരിച്ചെത്തുക കാലിബർ എന്ന പേര് മാത്രമായിരിക്കും. കാലിബർ എന്ന പേരിൽ വീണ്ടുമൊരു ബൈക്കുമായി ബജാജ് എത്തുമ്പോൾ അത് കമ്മ്യൂട്ടർ സെഗ്മെന്‍റിലേക്ക് ആകും എന്ന് ഉറപ്പാണ്. ഇപ്പോൾ ബജാജ് പൾസർ 125ന് സമാനമായ സവിശേഷതകൾ നൽകി കാലിബർ അവതരിപ്പിക്കാനാവും ഒരുപക്ഷെ ബജാജ് ശ്രമിക്കുക.
ഹൂഡിബാബാ..
കവാസാക്കിയുടെ സഹകരണത്തോടെ 1998ൽ ആണ് ബജാജ് ഇന്ത്യയിൽ കാലിബർ അവതരിപ്പിച്ചത്. 2003 ക്രിക്കറ്റ് ലോകകപ്പ് സമയത്തെ കാലിബറിന്‍റെ ഹൂഡിബാബ പരസ്യം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട പരസ്യങ്ങളിൽ ഒന്നാണ്.
2006വരെ ഇന്ത്യൻ വിപണിയിൽ തുടർന്ന കാലിബറിന്‍റെ മൂന്നോളം വകഭേദങ്ങൾ പുറത്തിറങ്ങിയിരുന്നു. പിന്നീട് കാലിബറിന്‍റെ മാതൃകകൾ പിന്തുടർന്ന് സിടി100, പ്ലാറ്റിന ബൈക്കുകൾ ബജാജ് അവതരിപ്പിക്കുകയായിരുന്നു. അവ രണ്ടും ഇന്നും വിപണിയിൽ തുടരുന്ന ബൈക്കുകളാണ്.