ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക താരിഫ് ഉയര്‍ത്തിയതില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ കൈത്തറി വസ്ത്രമേഖല. തമിഴ്നാട്ടിലെ തിരുപ്പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ നൈറ്റ് ഫെയറിന് മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26,300 കോടി രൂപയുടെ കയറ്റുമതിയാണ് നൈറ്റ് ഫെയറിനുണ്ടായത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ 30,000 കോടിരൂപയുടെ കയറ്റുമതിയാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 4,400 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നിരിക്കുന്നത്. കമ്പനി ചെയര്‍മാന്‍ എ ശക്തിവേലാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തിയതോടെ അമേരിക്കയിലെ പ്രമുഖ വ്യാപാരികള്‍ ഇന്ത്യന്‍ ഉല്‍പന്നങ്ങളെ തേടിയെത്തിയതാണ് വളര്‍ച്ചക്ക് കാരണം. മെയ് 15 ന് തിരുപ്പൂരില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗത്തില്‍ രാജ്യാന്തര തലത്തില്‍ നിന്ന് 90 വ്യാപാരികള്‍ പങ്കെടുക്കും. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന യോഗം ഇന്ത്യന്‍ കൈത്തറി മേഖലയ്ക്ക് ശക്തിപകരുമെന്ന് എ ശക്തിവേല്‍ അഭിപ്രായപ്പെട്ടു.