ന്യൂഡൽഹി: ഈ വർഷത്തെ കേന്ദ്ര ബജറ്റ് ശ്രദ്ധാപൂർവ്വം വായിച്ചാൽ സാമ്പത്തിക മാന്ദ്യം കേന്ദ്രത്തിന്‍റേയും സംസ്ഥാനങ്ങളുടേയും ധനകാര്യ മേഖലയെ എത്രത്തോളം ബാധിച്ചുവെന്ന് മനസിലാകും. 2019-20 സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്‌റ്റിമേറ്റുകളിൽ, കേന്ദ്രം ഈടാക്കുകയും ശേഖരിക്കുകയും ചെയ്യുന്ന അഞ്ച് പ്രധാന നികുതികളുടെ ബജറ്റ് ലക്ഷ്യങ്ങൾ നിറവേറ്റാൻ കഴിയില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സമ്മതിച്ചു.
സാമ്പത്തിക മാന്ദ്യം കേന്ദ്രത്തെ മാത്രമല്ല ബാധിക്കുക. സംസ്ഥാനങ്ങളിൽ നിന്ന് ഈ വർഷം കേന്ദ്രം പിരിക്കുന്ന നികുതിയിലെ സംസ്ഥാനങ്ങളുടെ വിഹിതത്തിൽ നിന്ന് 1.53 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങളുടെ നഷ്‌ടം. കഴിഞ്ഞ അഞ്ച് പാദങ്ങളിൽ ജിഡിപി വളർച്ചാ നിരക്ക് മന്ദഗതിയിലായിരുന്നു. ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഇത് വെറും 4.5 ശതമാനമായി കുറഞ്ഞു. 2012-13 ജനുവരി-മാർച്ച് കാലയളവിനുശേഷം ജിഡിപിയുടെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. ഈ മാന്ദ്യം കേന്ദ്ര സർക്കാരിന്‍റെ സാമ്പത്തികസ്ഥിതിയെ പൂർണമായും തകർച്ചയിലാക്കി.
2019 ജൂലൈയിൽ നിർമ്മല സീതാരാമൻ തന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ 2019-20 സാമ്പത്തിക വർഷം 24.61 ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനം പ്രതീക്ഷിക്കുന്നുതായി പറഞ്ഞു. 2018-19 സാമ്പത്തിക വർഷത്തിൽ 22.48 ലക്ഷം കോടിയിൽ നിന്ന് 2.13 ലക്ഷം കോടി രൂപയുടെ വർധനയാണ് ധനമന്ത്രി പ്രതീക്ഷിച്ചത്. കോർപ്പറേഷൻ ടാക്‌സും ആദായനികുതിയും നടപ്പ് സാമ്പത്തിക വർഷം ആരോഗ്യകരമായി വളരുമെന്ന പ്രതീക്ഷയിലായിരുന്നു ധനമന്ത്രി. എന്നാൽ 2019 ജൂലൈ 5 മുതൽ 2020 ഫെബ്രുവരി 1 വരെയുള്ള 7 മാസത്തിലെ കണക്കുകൾ പ്രകാരം 21.63 ലക്ഷം കോടി രൂപയാണ് നികുതി ശേഖരം. സീതാരാമന്‍റെ ആദ്യ ബജറ്റിലെ ലക്ഷ്യമായ 24.61 ലക്ഷം കോടിയിൽ നിന്ന് ഏകദേശം 2.98 ലക്ഷം കോടി രൂപയുടെ(12.1%) കുറവാണുണ്ടാക്കുന്നത്.
എന്നാൽ, സംസ്ഥാന സർക്കാരുകൾക്ക് ഉണ്ടാകുന്ന നഷ്‌ടം കേന്ദ്രത്തെ അപേക്ഷിച്ച് ഉയർന്നതായിരിക്കും. 2019-20 സാമ്പത്തിക വർഷത്തിലെ കേന്ദ്ര നികുതി ലക്ഷ്യമായ 24.61 ലക്ഷം കോടി രൂപയിൽ 8.09 ലക്ഷം കോടി രൂപ സംസ്ഥാന സർക്കാരുകളുടെ വിഹിതം ആയിരുന്നു. എന്നാൽ ശനിയാഴ്‌ചത്തെ ധനമന്ത്രിയുടെ പുതുക്കിയ കണക്കനുസരിച്ച് സംസ്ഥാനങ്ങളുടെ വിഹിതം വെറും 6.56 ലക്ഷം കോടി രൂപയായി കുറയും, ഏകദേശം 1.53 ലക്ഷം കോടി രൂപയുടെ (18.91%) നഷ്‌ടമാണ് സംസ്ഥാനങ്ങൾക്കുണ്ടാകുക.