ന്യൂഡൽഹി: വിദേശ വിപണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി സർവീസ് എക്‌സ്‌പോർട്ട് ഫ്രം ഇന്ത്യ സ്‌കീമിൽ (എസ്‍ഇഐഎസ്) കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സേവന കയറ്റുമതി പ്രൊമോഷന്‍ കൗണ്‍സില്‍ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. വിദേശ വ്യാപാര നയം സേവന മേഖലയിലെ കയറ്റുമതിക്ക് 'സർവീസ് എക്‌സ്‌പോർട്ട് ഫ്രം ഇന്ത്യ സ്കീം' വഴി നികുതിയിളവുകൾ നൽകുന്നുണ്ട്.
ആനിമേഷൻ, വിഎഫ്എക്സ് പോലുള്ള ഓഡിയോ വിഷ്വൽ സേവനങ്ങൾ കൂടി ഉൾപ്പെടുത്തി എസ്‌ഐഎസിന്‍റെ വ്യാപ്തി വർദ്ധിപ്പിക്കാൻ വാണിജ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി സർവീസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ (എസ്‌ഇപിസി) ഡയറക്ടർ ജനറൽ സംഗീത ഗോഡ്ബോലെ പറഞ്ഞു. ആശയവിനിമയം, നിർമാണം, വിദ്യാഭ്യാസം, പരിസ്ഥിതി, ടൂറിസം, ഗതാഗതം ഉൾപ്പടെ ഒമ്പതോളം സേവനങ്ങൾക്ക് നിലവിൽ പദ്ധതിയുടെ ധനസഹായം ലഭ്യമാണ്.
കയറ്റുമതി വർദ്ധിപ്പിക്കുന്നതിന് മന്ത്രാലയവും കൗൺസിലും സംയുക്തമായി നിരവധി നടപടികൾ സ്വീകരിച്ചുവരികയാണെന്നും നവംബർ 26 മുതൽ മൂന്ന് ദിവസത്തെ ഗ്ലോബൽ എക്സിബിഷൻ ഓൺ സർവീസസ് (ജിഇഎസ്) ബംഗളൂരുവില്‍ സംഘടിപ്പിക്കുമെന്നും ഗോഡ്ബോലെ പറഞ്ഞു. ഇന്ത്യയിൽ ഊർജ്ജസ്വലമായ സേവന വിപണി സൃഷ്ടിക്കുക എന്നതാണ് എക്സിബിഷന്‍റെ ലക്ഷ്യം.