ലോകത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള കമ്പനികളുടെ പട്ടികയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെ റാങ്കിംഗ് ഇടിഞ്ഞു. 2021ലെ ഫോർച്യൂണ്‍ ഗ്ലോബൽ 500 പട്ടികയിൽ 59 സ്ഥാനങ്ങൾ ഇടിഞ്ഞ് റിലയൻസ് 155ൽ എത്തി. കൊവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ വരുമാനം ഇടിഞ്ഞതാണ് റിലയൻസിന് തിരിച്ചടിയായത്.
Also Read: യുപിഐ ഇടപാടുകളിൽ ജൂലൈയിൽ റെക്കോഡ് വർധന
2017ന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും താഴ്ന്ന റാങ്കിംഗ് ആണിത്. 2020ന്‍റെ രണ്ടാം പാദത്തിൽ ഓയിൽ വിലയിൽ ഇടിവുണ്ടായതാണ് റിലയൻസിന്‍റെ വരുമാനത്തെ പ്രധാനമായും ബാധിച്ചത്.
കമ്പനിയുടെ വരുമാനം 25.3 ശതമാനം ഇടിഞ്ഞ് 63 ബില്യണ്‍ ഡോളറിലെത്തി. ഓയിൽ ആന്‍റ് നാച്ചുറൽ ഗ്യാസ് കോർപറേഷനും(ONGC) ഇന്ത്യൻ ഓയിൽ കോർപറേഷനും(IOC) പട്ടികയിൽ സ്ഥാനം ഇടിഞ്ഞു.
ഒൻജിസി 53 റാങ്കിംഗ് ഇടിഞ്ഞ് 205ലും ഐഒസി 61 സ്ഥാനം ഇറങ്ങി 212ലും എത്തി. ടാറ്റാ മോട്ടോഴ്‌സ്(357) ബിപിസിഎൽ(394 എന്നിവയുടെ സ്ഥാനവും ഇടിഞ്ഞു. അതേ സമയം എസ്ബിഐ ഈ വർഷവും സ്ഥാനം മെച്ചപ്പെടുത്തി.
16 പടികൾ കയറിയ എസ്ബിഐ റാങ്കിംഗിൽ 205ൽ എത്തി. കഴിഞ്ഞ വർഷം എസ്ബിഐ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിരുന്നു. 52 ബില്യണ്‍ ആണ് എസ്ബിഐയുടെ വരുമാനം. രാജേഷ് എക്സ്പോർട്ട്സ് 114 സ്ഥാനം മെച്ചപ്പെടുത്തി 348ൽ എത്തി.
ഒന്നാമൻ വാൾമാർട്ട്
ആഗോള ഭീമൻ വാൾമാർട്ട് ആണ് പട്ടികയിൽ ഒന്നാമൻ. 524 ബില്യണ്‍ ഡോളറാണ് വാൾമാർട്ടിന്‍റെ വരുമാനം. ചൈനയുടെ സ്റ്റേറ്റ് ഗ്രിഡ് 384 ബില്യണ്‍ ഡോളറിന്‍റെ വരുമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. ചൈന നാഷണൽ പെട്രോളിയത്തെ പിന്തള്ളി ആമസോണ്‍ പട്ടികയിൽ മൂന്നാമതായി ഇടംപിടിച്ചു.
280 ബില്യണ്‍ ഡോളറാണ് ആമസോണിന്‍റെ വരുമാനം. 500 കമ്പനികളിൽ 135ഉം ചൈനയിൽ(മെയിൻ ലാൻഡ്) നിന്നാണ്. യുഎസിൽ നിന്ന് 122 കമ്പനികളും ജപ്പാനിൽ നിന്ന് 53 കമ്പനികളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.