തൃശൂർ: സംസ്ഥാനത്ത് നാളികേരളത്തിന് വിലയിടിഞ്ഞതോടെ കര്‍ഷകര്‍ ദുരിതത്തിലായി. മൂന്ന് മാസത്തിനിടെ പത്ത് രൂപയോളം ഇടിവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. തമിഴ്നാട്ടില്‍ നാളികേരത്തിന്‍റെ ഉല്‍പാദനം വര്‍ധിച്ചതും കേരളത്തിലേക്കുള്ള നാളികേര കയറ്റുമതി വർദ്ധിച്ചതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. വില പിടിച്ചു നിർത്തുന്നതിൽ കൃഷി വകുപ്പ് അടക്കുള്ള സർക്കാർ സംവിധാനങ്ങൾ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്നും ഉല്‍പാദന ചിലവിന് അനുസരിച്ചുള്ള വരുമാനം ലഭിക്കുന്നില്ല എന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.
30 മുതൽ 35 രൂപ വരെ വിലയുണ്ടായിരുന്ന നാളികേരത്തിന് ഇപ്പോൾ ലഭിക്കുന്നത് 25 രൂപ മാത്രമാണ്. ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും 10 മുതൽ 15 തേങ്ങ മാത്രം ലഭിക്കുന്ന തെങ്ങൊന്നിന് 50 രൂപ കൂലി നൽകേണ്ടി വരുന്നതും കര്‍ഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നു. ഇതിന് പുറമെ നാളികേരം പൊളിച്ചെടുക്കാനും തൊഴിലാളികൾക്ക് പ്രത്യേകം കൂലി നല്‍കണം. വിലവര്‍ധിക്കുമെന്ന പ്രതീക്ഷയില്‍ വിളവെടുത്ത നാളികേരം മിക്ക കർഷകരും വില്‍ക്കാനാകാതെ കൂട്ടിയിട്ടിരിക്കുകയാണ്. നേരത്തെ വില കുറഞ്ഞ സാഹചര്യത്തിൽ കൃഷിഭവനുകൾ വഴി കേരഫെഡ് നാളികേരം സംഭരിച്ചിരുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. പിന്നീട് സർക്കാർ ഇത് അവസാനിപ്പിച്ചു. വില താഴുന്ന സാഹചര്യത്തിൽ വീണ്ടും സംഭരണം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് കർഷകർ.