ന്യൂഡല്‍ഹി: ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള ജിഎസ്ടി വരുമാനത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ 30 ശതമാനത്തിന്‍റെ വര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട്. വലിയ സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ചയാണ് വടക്കു കിഴക്കിലെ ഏഴ് ചെറിയ സംസ്ഥാനങ്ങള്‍ കൈവരിച്ചിരിക്കുന്നത്.
3.56 ലക്ഷം കോടി രൂപയാണ് നാല് മാസം കൊണ്ട് വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പിരിച്ചെടുത്തിരിക്കുന്നത്. മേഘാലയയില്‍ നിന്ന് മാത്രം 680 കോടി രൂപയാണ് ജിഎസ്ടി ഇനത്തില്‍ ഇക്കാലയളവില്‍ സര്‍ക്കാരിന് ലഭിച്ചത്. അരുണാചല്‍ പ്രദേശില്‍ നിന്ന് 514 കോടിയും സിക്കിമില്‍ നിന്ന് 370 കോടി, നാഗാലാന്‍റില്‍ നിന്ന് 393 കോടി, മിസോറാമില്‍ നിന്ന് 350 കോടി എന്നിങ്ങനെയാണ് സംസ്ഥാനങ്ങള്‍ തിരിച്ചുള്ള ജിഎസ്ടി വരുമാനം. ത്രിപുരയിലും മണിപ്പൂരിലും വരുമാനത്തില്‍ 19 ശതമാനത്തിന്‍റെ വര്‍ധനവ് ഉണ്ടായി. കേന്ദ്രഭരണ പ്രദേശങ്ങളായ ഡല്‍ഹി, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളില്‍ യഥാക്രമം രണ്ട് ശതമാനം, പതിനേഴ് ശതമാനം, എട്ട് ശതമാനം എന്നിങ്ങനെയാണ് വരുമാനത്തിലുണ്ടായ വളര്‍ച്ച.