ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ രാജ്യത്തെ പ്രമുഖ ബാങ്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ധനകാര്യ മേഖലയിലേയും നോൺ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലേയും മൂലധന വിപണികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.
ഫിനാൻഷ്യൽ സെക്ടർ ഡവലപ്മെന്‍റ് കൗണ്‍സിലിനെ വിപുലീകരിക്കുക, ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശനിരക്ക് അവലോകനം ചെയ്യുക, ബാങ്കുകളിലെ നിഷ്ക്രിയ ആസ്തി പരിശോധിക്കാന്‍ പ്രത്യേകം കമ്മിറ്റിക്ക് രൂപം നല്‍കുക, കാർഷിക വിപണനം പ്രോത്സാഹിപ്പിക്കുക, പ്രത്യേക ബോണ്ട് എക്സ്ചേഞ്ച് രൂപീകരിക്കുക, സാമ്പത്തിക സാക്ഷരതാ പരിപാടികളും ധനസഹായങ്ങളും വര്‍ധിപ്പിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു.
ധനകാര്യ-കോർപറേറ്റ് അഫയേഴ്സ് സഹമന്ത്രി അനുരാഗ് താക്കൂര്‍, ഫിനാന്‍സ് സെക്രട്ടറി സുഭാഷ് ജി ഗര്‍ജ്, എക്സ്പന്‍റീച്ചര്‍ സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മു, റവന്യൂ സെക്രട്ടറി അജയ് നാരായണ പാണ്ഡെ, ഡിഎഫ്എസ് സെക്രട്ടറി രാജീവ് കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.