ന്യൂഡല്‍ഹി: രാജ്യത്തെ തൊഴില്‍ ക്ഷാമം പരിഹരിക്കാനും ഇടിവ് രേഖപ്പെടുത്തിയ ജിഡിപി വളര്‍ച്ചയിലേക്ക് തിരികെ എത്തിക്കാനും ലക്ഷ്യമിട്ട് രണ്ടാം മോദി സര്‍ക്കാരിന്‍റെ പുതിയ ക്യാബിനറ്റ് കമ്മിറ്റികള്‍. നിക്ഷേപവും വളര്‍ച്ചയും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും തൊഴില്‍ നൈപുണ്യത്തിനും വികസനത്തിനുമായി രണ്ട് കമ്മിറ്റികളാണ് സാമ്പത്തിക രംഗത്ത് പുതിയതായി രൂപികരിച്ചിരിക്കുന്നത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, ധന- കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍, വ്യവസായ - റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരാണ് ഇരു കമ്മിറ്റിയിലും പൊതുവായുളള അംഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ട് കമ്മിറ്റിയുടെയും അധ്യക്ഷന്‍. ഇതോടെ നിലവിലെ ക്യാബിനറ്റ് കമ്മിറ്റികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. അപ്പോയിന്‍റ്മെന്‍റ്സ്, അക്കോമഡേഷന്‍, സുരക്ഷ, സാമ്പത്തിക കാര്യം, പാര്‍ലമെന്‍ററി കാര്യം, രാഷ്ട്രീയ കാര്യം, എന്നിവയാണ് മറ്റ് കമ്മിറ്റികള്‍.
എന്നാല്‍ തൊഴില്‍ -നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്മിറ്റിയില്‍ സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ചുമതലയുളള നിതിന്‍ ഗാഡ്കരിയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്