എറണാകുളം: കേന്ദ്ര ബജറ്റ് തീർത്തും നിരാശാജനകമെന്ന് കേരള മർച്ചന്‍റ്‌സ് ചേമ്പർ ഓഫ് കൊമേഴ്സ്. വ്യാപാര സമൂഹം ആവശ്യപ്പെട്ട കാര്യങ്ങളിൽ ഒന്നു പോലും പരിഗണിച്ചില്ലന്ന് മർച്ചന്‍റ്‌സ് ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജി. കാർത്തികേയൻ ഇടിവി ഭാരതിനോട് പറഞ്ഞു. കുറഞ്ഞ പലിശനിരക്കിൽ ലോൺ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റു ജനവിഭാഗങ്ങളെ പോലെ ആരോഗ്യ ഇൻഷുറൻസ് സ്കീം നടപ്പിലാക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇവയൊന്നും പരിഗണിച്ചില്ലെന്ന് ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
അല്‍പ്പം ആശ്വാസം പകരുന്നത് ഡിവിഡന്‍റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് (ഡിഡിടി) എടുത്ത് കളഞ്ഞതാണ്. അത് വ്യക്തികൾക്കും കമ്പനികൾക്കും പ്രയോജനം ചെയ്യും. ഓഡിറ്റിന്റെ കാര്യത്തിൽ 95 ശതമാനം ഡിജിറ്റലൈസേഷൻ നടത്തിയാൽ മാത്രം ആനുകൂല്യം ലഭിക്കുമെന്നാണ് പറയുന്നത്. ഇത് നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കും. ആദായ നികുതിഘടനയിൽ വരുത്തിയ മാറ്റം വ്യാപാര മേഖലയിൽ വലിയ മാറ്റെങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ജി. കാർത്തികേയൻ ആഭിപ്രായപ്പെട്ടു.
ഇ-കൊമേഴ്സ് കമ്പനികളും ചെറുകിട വ്യാപാരികളും തമ്മിലുള്ള ലെവൽ ബെൻഫിറ്റിങ് ഫണ്ട് നടപ്പാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപ്പാക്കിയിട്ടില്ല. മറ്റു പല മേഖലകളിലും സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നുണ്ട്. അത് ജനങ്ങളുടെ വാങ്ങൽ ശേഷി വർധിപ്പിക്കുമെന്നാണ് കരുതുന്നത്. അത് എത്ര നാൾ കൊണ്ട് കഴിയുമെന്നത് കണ്ടറിയണം. സാമ്പത്തികമാന്ദ്യത്തിൽ നിന്നും കരകയറുന്നതിന് വേണ്ടിയുള്ള യഥാർത്ഥ കാര്യങ്ങളൊന്നും ബജറ്റിൽ ഇല്ലെന്നും കേരള മർച്ചന്‍റ്‌സ് ചേമ്പർ ഓഫ് കൊമേഴ്‌സ് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.