മുംബൈ: 16 ലക്ഷത്തോളം ആളുകളെ ബാധിച്ച പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് വിഷയങ്ങൾ പരിശോധിച്ച് പ്രശ്‌നങ്ങൾ വേഗം പരിഹരിക്കണ ആവശ്യവുമായി മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ്.
ബാങ്കിന്‍റെ കാര്യത്തിൽ സംഭവിച്ചത് വളരെ നിർഭാഗ്യകരമാണെന്നും നിക്ഷേപകരുടെ പരാതികൾ പരിശോധിച്ച് പരിഹരിക്കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും ധനമന്ത്രിയോടും അഭ്യർഥിക്കുന്നതായും മൻമോഹൻ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 16 ലക്ഷം നിക്ഷേപകർ നീതിക്കായി ശ്രമിക്കുന്ന ഈ കേസിൽ ഇന്ത്യൻ സർക്കാരും കേന്ദ്ര ബാങ്കും മഹാരാഷ്ട്ര സർക്കാരും സംയുക്തമായി പ്രായോഗികമായ പരിഹാരം നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും മൻമോഹൻ സിംഗ് പറഞ്ഞു.
പിഎംസി ബാങ്കിലെ നിക്ഷേപകരായ 24 അംഗ സംഘം മൻമോഹൻ സിംഗിനെ സന്ദർശിച്ച് ബാങ്ക് അഴിമതി കേസിൽ ഇടപെടാൻ അഭ്യർഥിച്ചിരുന്നു.