ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ സ്ഥാനം പിടിക്കാനായി പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐആര്‍സിടിസി) സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് കരട് രേഖ സമര്‍പ്പിച്ചു. 10 രൂപ മുഖ വിലയില്‍ രണ്ട് കോടി ഓഹരികള്‍ ഇതുവഴി വിറ്റഴിക്കാന്‍ സാധിക്കുമെന്നാണ് ഐആര്‍സിടിസി പ്രതീക്ഷിക്കുന്നത്.
500 മുതല്‍ 600 കോടി രൂപവരെ ഓഹരി വില്‍പനയിലൂടെ സമാഹരിക്കാനാണ് ഐആര്‍സിടിസി ലക്ഷ്യമിടുന്നത്. ഐഡിബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ആന്‍റ് സെക്യൂരിറ്റീസ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ്, യെസ് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഓഹരി വില്‍പ്പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) പ്രകാരം ഇന്ത്യന്‍ റെയിൽവേയില്‍ ഭക്ഷണം, ഓൺലൈൻ ടിക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും കുപ്പിയിലാക്കിയ കുടിവെള്ളം എന്നിവ വിതരണം ചെയ്യാന്‍ അധികാരമുള്ള സ്ഥാപനമാണ് ഐആർസിടിസി. ഏഷ്യ-പസഫിക് മേഖലയിൽ ഏറ്റവും കൂടുതൽ ഇടപാട് നടത്തിയ വെബ്‌സൈറ്റുകളില്‍ ഒന്നുകൂടിയാണ് www.irctc.co.in