ന്യൂഡല്‍ഹി: ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യ അതിശക്തമായ സാമ്പത്തിക മുന്നേറ്റമാണ് നടത്തുന്നെതെന്ന് ആഗോള സാമ്പത്തിക ഫോറം. ദക്ഷിണേഷ്യയുടെ വികസനത്തിലും ആഗോള സാമ്പത്തിക സുസ്ഥിരതക്കും ഇന്ത്യക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് ഫോറം പ്രസിഡന്റ് ബോർജ് ബ്രെൻഡെ പറഞ്ഞു. കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്ന് ആഗോള സാമ്പത്തിക ഫോറത്തിന്‍റെ 33ാമത് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ത്യ അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ്. ആഗോള സാമ്പത്തികരംഗം മാന്ദ്യം പ്രകടിപ്പിക്കുമ്പോഴും ഇന്ത്യയുടെ നില വളരെയധികം സാധ്യതകളാണ് മുന്നോട്ട് വയ്ക്കുന്നത്. നൂതന സങ്കേതിക വിദ്യകളുടെ വളർച്ച സാമ്പത്തികവും സാമൂഹികവുമായ മൂല്യം ഉറപ്പാക്കുകയും പ്രാദേശിക സഹകരണത്തിനൊപ്പം രാജ്യത്തിന്‍റെ വളർച്ചാ വേഗത വർധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യ, ദക്ഷിണേഷ്യയെ ശക്തിപ്പെടുത്തുക, ലോകത്തെ സ്വാധീനിക്കുക എന്ന വിഷയത്തിൽ അടുത്ത രണ്ട് ദിവസങ്ങളിലാണ് ഡൽഹിയിൽ ഉച്ചകോടി നടക്കുക. 40 ഓളം രാജ്യങ്ങളിൽ നിന്നായി 800 ലധികം സാമ്പത്തിക വിദഗ്ധരും, നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.