ന്യൂഡൽഹി: ലോകബാങ്കിന്‍റെ ബിസിനസ് സൗഹൃദ പട്ടികാ റാങ്കിങില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. 190 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 14 സ്ഥാനം ഉയർന്ന് 63-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വർഷം 77-ാം സ്ഥാനത്തായിരുന്നു ഇന്ത്യ . ലോക ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച്, തുടർച്ചയായി മൂന്നാം തവണയും മികച്ച പ്രകടനം കാഴ്ച വക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചു.ന്യൂസിലന്‍ഡ്, സിംഗപ്പുര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളാണു പട്ടികയില്‍ മുന്നില്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയെ പ്രശംസിച്ച ലോക ബാങ്ക് വിദേശ നിക്ഷേപം ആകർഷിക്കാനും സ്വകാര്യമേഖലയിലെ ഉൽപ്പാദനം വർദ്ധിപ്പിക്കാനും രാജ്യത്തിന്‍റെ മത്സരശേഷി വർദ്ധിപ്പിക്കാനും പദ്ധതി സഹായകമായെന്നും അഭിപ്രായപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന്‍റെ ആറ് വർഷ ഭരണത്തിനിടയിൽ ഇന്ത്യയുടെ റാങ്കിങ് 79 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് 2019-ൽ 63-ാം സ്ഥാനത്തേക്ക് എത്തിയത്.
ബിസിനസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പത്ത് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ബിസിനസ് സൗഹൃദ പട്ടികാ റിപ്പോർട്ട് തയ്യാറാക്കുന്നത്. ബിസിനസ് ആരംഭിക്കുന്നതിനുള്ള സൗകര്യം, , വൈദ്യുതി ലഭ്യത, വായ്‌പ ലഭ്യത , നികുതി അടക്കൽ, അതിർത്തികൾക്കിടയിലുള്ള വ്യാപാരം, കരാറുകൾ നടപ്പിലാക്കുക, പാപ്പരത്വം പരിഹരിക്കുക എന്നിവ ഉൾപ്പെടുന്നതാണ് പത്ത് മാനദണ്ഡങ്ങൾ.പത്തിൽ ഏഴു സൂചികകളിലും വന്‍ മുന്നേറ്റം നടത്തിയതിനാലാണ് റാങ്കിങ്ങിൽ ഇന്ത്യ 63ാം സ്ഥാനത്തെത്തിയത്. പാപ്പരത്വം പരിഹരിക്കുക, നിർമ്മാണ അനുമതികൾ കൈകാര്യം ചെയ്യുക,ആസ്തി രജിസ്റ്റർ ചെയ്യുക, അതിർത്തികൾക്കിടയിലുള്ള വ്യാപാരം,നികുതി അടക്കൽ, എന്നീ സൂചകങ്ങളിൽ ഇന്ത്യ മികച്ച നേട്ടം കാഴ്‌ച വെച്ചിട്ടുണ്ട്.