ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ ഏറെ പ്രധാനമായ പ്രഖ്യാപനമാണ് പെട്രോളിനും ഡീസലിനും എക്സൈസ് തീരുവയും സെസും വര്‍ധിപ്പിച്ചത്. ലിറ്ററിന് രണ്ട് രൂപ വീതം വര്‍ധിക്കുന്ന തരത്തിലാണ് പുതിയ പ്രഖ്യാപനം. നിലവില്‍ രാജ്യ തലസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 70 രൂപ 51 പൈസയും ഡീസലിന് 64 രൂപ 33 പൈസയുമാണ് വില
ഈ വര്‍ഷം തന്നെ ആഗോള ക്രൂഡ് ഓയില്‍ വില 100 ഡോളര്‍ കടക്കും. ഈ സാഹചര്യത്തില്‍ ഓരോരുത്തരുടെയും ജീവിത ചെലവും വര്‍ധിക്കും. ഇതോടൊപ്പം ജനങ്ങളുടെ വരുമാനവും വര്‍ധിക്കണം. അല്ലാത്ത പക്ഷം ജീവിതം ദുസഹമാവും. ഉയരുന്ന ഇന്ധനവില എങ്ങനെ സാധാരണക്കാരുടെ ജീവീതത്തില്‍ സ്വാധിനിക്കുന്നു എന്ന് പരിശോധിക്കാം.
- ഇന്ധനവില വര്‍ധിക്കുന്നത് മൂലം ജനങ്ങള്‍ ഉപയോഗിക്കുന്ന ഓരോ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധനവ് ഉണ്ടാകും. ഉല്‍പന്നങ്ങള്‍ക്ക് മാത്രമല്ല എല്ലാവിധ ഗതാഗത മാര്‍ഗങ്ങള്‍ക്കും നിരക്ക് വര്‍ധിക്കും
- ഇന്ധനവില ഉയുരുന്നത് നാണയപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യതയൊരുക്കും. ഉൽപാദന പ്രക്രിയ പൂർത്തിയാക്കിയ എല്ലാ ഉല്‍പന്നങ്ങള്‍ക്കും വില വര്‍ധിക്കും. എണ്ണ ഉല്‍പന്നങ്ങളുടെ വിലയില്‍ നാല് ശതമാനം മുതല്‍ ഏഴ് ശതമാനം വരെ ആവും. ഇതിന് പുറമെ നിത്യോപയോഗ സാധനങ്ങള്‍ക്കും നാല് മുതല്‍ അഞ്ച് ശതമാനം വരെ വിലക്കയറ്റം അനുഭവപ്പെടും.
- നാണയപ്പെരുപ്പം ഉണ്ടാകുന്ന സാഹചര്യമുണ്ടായാല്‍ റിസര്‍വ് ബാങ്ക് തങ്ങളുടെ പലിശ നയത്തിലും മാറ്റം വരുത്തും. പ്രധാന വായ്പാ നിരക്കില്‍ 25 ബിപിഎസിന്‍റെ വര്‍ധനവ് വരുത്താനാണ് സാധ്യത. ഈ തീരുമാനം വീണ്ടും പണപ്പെരുപ്പത്തിലേക്ക് തള്ളിവിട്ടേക്കാം.
- വിപണിയില്‍ സാധനങ്ങള്‍ക്ക് വില ഉയരുന്ന സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ഉപഭോക്താക്കളുടെ സമ്പാദ്യത്തെ ഇത് കാര്യമായി ബാധിക്കും.
- എണ്ണ വില ഉയര്‍ന്നാല്‍ ഇറക്കുമതിക്ക് കൂടുതല്‍ ചെലവാകുകയും ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുകയും ചെയ്യും.
രാജ്യത്തെ ഇടത്തരക്കാര്‍ക്ക് വരെ കാറുകള്‍ ഉണ്ട്. ഒരു കാറുള്ള ശരാശരി ഇന്ത്യൻ കുടുംബം പ്രതിമാസം ശരാശരി 2,000 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവയുടെ മൈലേജ് 12 കിലോമീറ്റര്‍ ആണെങ്കില്‍ തന്നെയും ഒരു ശരാശരി കുടുംബത്തിന്‍റെ മാസ ബജറ്റിനെ ഇത് കാര്യമായി ബാധിക്കും