ന്യൂഡൽഹി: സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് വ്യക്തിഗത ആദായനികുതി നിരക്കുകൾ കുറക്കുന്നതുൾപ്പെടെയുള്ള നടപടികൾ സർക്കാർ പരിഗണനയിലുണ്ടെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഡിപി വളർച്ച ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ അഞ്ച് ശതമാനത്തിൽ നിന്ന് നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായി കുറഞ്ഞിരുന്നു. വളർച്ച ഉയർത്തുന്നതിന് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് എച്ച്‌ടി ലീഡർഷിപ്പ് ഉച്ചകോടിയിൽ ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാനദണ്ഡങ്ങളിൽ വിട്ടുവീഴ്‌ച വരുത്താതെ പൊതുമേഖലാ ബാങ്കുകൾ അഞ്ച് ലക്ഷം കോടി രൂപ വിതരണം ചെയ്‌തെന്നും ധനമന്ത്രി പറഞ്ഞു. ഉപഭോഗം കൂട്ടാൻ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. നേരിട്ടുള്ള രീതി കൂടാതെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിക്കുന്നത് വഴി പണം വ്യവസായ മേഖലയിലെ തൊഴിലാളികളിലേക്ക് എത്തിച്ചേരും. ആദായനികുതി നിരക്കിൽ മാറ്റം വരുത്തുന്നതുൾപ്പടെയുള്ളവ പരിഗണനയിലാണെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
സെപ്റ്റംബറിൽ സർക്കാർ കോർപ്പറേറ്റ് നികുതി നിരക്കുകൾ 10 ശതമാനം വരെ കുറച്ചു. 28 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവ് നികുതി നിരക്കിൽ വരുത്തി 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവ് വരുത്തിയത് ആറുവർഷത്തെ താഴ്ന്ന വളർച്ചയിലെത്തിയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള സർക്കാർ ശ്രമമായിരുന്നു. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും 2019 ഒക്ടോബർ ഒന്നിന് ശേഷമുള്ള പുതിയ നിർമാണ സ്ഥാപനങ്ങൾക്ക് 25 ശതമാനത്തിൽ നിന്ന് 15 ശതമാനമായും കുറച്ചിരുന്നു.
നികുതിദായകർക്ക് ദോഷകരമായ നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പുനൽകിയ നിര്‍മ്മല സീതാരാമൻ, ഇളവ് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ളവയിലൂടെ നികുതി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും വ്യക്തമാക്കി. പ്രത്യക്ഷ നികുതി വ്യവസ്ഥയിൽ കർശനമായ വിലയിരുത്തൽ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. ഇത് പരോക്ഷനികുതിയിലും ഉടൻ അവതരിപ്പിക്കുമെന്നും എന്നാൽ ചരക്ക് സേവന നികുതി (ജിഎസ്‌ടി ) ഘടന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ജിഎസ്‌ടി കൗൺസിലാണെന്നും ധനമന്ത്രി പറഞ്ഞു.