ന്യൂഡൽഹി: ആഭ്യന്തര വിപണിയിൽ സവാള ഇറക്കുമതി മൂലം വില കുറയാൻ തുടങ്ങിയതോടെ സവാള കയറ്റുമതിക്കുള്ള വിലക്ക് നീക്കാൻ സർക്കാർ ഒരുങ്ങുന്നു. പുതിയ സവാളയുടെ വരവ് വില കുറക്കുമെന്നും അതിനാൽ കയറ്റുമതി നിരോധനം നീക്കണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ മാസം കിലോക്ക് 160 രൂപയെന്ന നിലയിൽ നിന്നും ഗുണനിലവാരവും പ്രദേശവും അനുസരിച്ച് സവാള വില കിലോഗ്രാമിന് 60-70 രൂപയായി കുറഞ്ഞു.
ആഭ്യന്തര വിപണിയിൽ സവാളയുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും വിലക്കയറ്റം കുറയ്ക്കുന്നതിനുമായി 2019 സെപ്റ്റംബറിൽ സർക്കാർ സവാള കയറ്റുമതി നിരോധിക്കുകയും വ്യാപാരികൾക്ക് സ്‌റ്റോക്കിന് പരിധി ഏർപ്പെടുത്തുകയും ചെയ്‌തിരുന്നു. മഹാരാഷ്ട്ര പോലുള്ള സവാള ഉൽപ്പാദക സംസ്ഥാനങ്ങളെ പ്രളയം ബാധിച്ചതു മൂലം വിതരണം തടസപ്പെട്ടതിനെത്തുടർന്നാണ് ഡൽഹിയിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും സവാള വില കുതിച്ചുയർന്നത്.