ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2019-20ൽ അഞ്ച് ശതമാനം വളർച്ച കൈവരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകണം. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 6.8 ശതമാനമായിരുന്നു. ഉൽപ്പാദന മേഖലയിലെ വളർച്ചയിലുണ്ടായ ഇടിവാണ് ജിഡിപി വളർച്ച കുറയാൻ കാരണം. കഴിഞ്ഞ വർഷം ഉൽപ്പാദന മേഖലയിലെ വളർച്ച 6.2 ശതമാനമായിരുന്നത് 2019-20ൽ രണ്ട് ശതമാനമായി കുറയുമെന്നാണ് ദേശീയ സ്‌റ്റാറ്റിസ്‌റ്റിക്കൽ ഓഫീസ് (എൻഎസ്‌ഒ) ചൊവ്വാഴ്‌ച പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. കൃഷി, നിർമാണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം തുടങ്ങിയ മേഖലകളിലും ഇടിവ് രേഖപ്പെടുത്തി. ഖനനം, പൊതുഭരണം, പ്രതിരോധം എന്നിവയുൾപ്പെടെ ചില മേഖലകൾ ചെറിയ പുരോഗതി കാണിച്ചു.
2019-20ൽ ഉൽപ്പാദന മേഖല 2.0 ശതമാനം വളർച്ച നേടുമെന്നാണ് പ്രതീക്ഷ. 2018-19ൽ ഇത് 6.9 ശതമാനമായിരുന്നു. 2018-19ൽ 8.7 ശതമാനം വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ 2019-20ൽ നിർമാണമേഖല 3.2 ശതമാനം വളർച്ച നേടുമെന്നും ഡാറ്റ സൂചിപ്പിക്കുന്നു.
പ്രതിശീർഷ വരുമാനം, 2018-19 വർഷത്തെ 92,565 രൂപയിൽ നിന്ന് 2019-20 കാലയളവിൽ 96,563 രൂപയിലെത്തുമെന്നും ഔദ്യോഗിക ഡാറ്റ സൂചിപ്പിക്കുന്നു. 2019-20 കാലയളവിൽ പ്രതിശീർഷ വരുമാനത്തിലെ വളർച്ചാ നിരക്ക് മുൻവർഷത്തെ 5.6 ശതമാനത്തിൽ നിന്ന് 4.3 ശതമാനമാകുമെന്നും കണക്കാക്കുന്നു.