ന്യൂഡൽഹി : പബ്ലിക് എന്‍റർപ്രൈസസിനെ (Department of Public Enterprises ) ധനമന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്ന് കേന്ദ്ര സർക്കാർ. നേരത്തെ ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്‍റെ ഭാഗമായിരുന്നു ഈ വകുപ്പ്.
ധനമന്ത്രി നിർമല സീതാരാമൻ 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സ്വകാര്യവത്കരണ പദ്ധതികൾക്ക് കരുത്തുപകരുകയാണ് പുതിയ തീരുമാനത്തിന്‍റെ ലക്ഷ്യം.
Also Read:ഓഫിസുകള്‍ കയറിയിറങ്ങി കാത്തുക്കെട്ടി കിടക്കേണ്ട! കെട്ടിട നിര്‍മാണ അനുമതി ഇനി എളുപ്പം
നേരത്തെ അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്‍റെ കാലത്ത് സൃഷ്ടിച്ച ഓഹരി വിറ്റഴിക്കൽ മന്ത്രാലയത്തെ(Disinvestment Ministry) ധനമന്ത്രാലയവുമായി ലയിപ്പിച്ചിരുന്നു.
കൂടാതെ വിദേശ നിക്ഷേപ പ്രമോഷൻ ബോർഡ് ( Foreign Investment Promotion Board -FIPB) നിർത്തലാക്കി, വിദേശ നിക്ഷേപങ്ങളെ പൂർണമായും ധനമന്ത്രാലയത്തിന് കീഴിലാക്കുകയും ചെയ്തിരുന്നു.
പബ്ലിക് എന്‍റർപ്രൈസെസ് ധനമന്ത്രാലയത്തിന് കീഴിലാകുന്നതോടെ കേന്ദ്ര പൊതുമേഖല സംരംഭങ്ങളുടെ മൂലധനച്ചെലവ്, ആസ്തി ധനസമ്പാദനം തുടങ്ങിയവ കൂടുതൽ കാര്യക്ഷമമാകും എന്നാണ് വിലയിരുത്തൽ.
മന്ത്രിസഭ പുനസംഘടന ബുധനാഴ്ച വൈകിട്ട് നടക്കാനിരിക്കെയാണ് പുതിയ മാറ്റമെന്നതും ശ്രദ്ധയമാണ്. നിലവിൽ റവന്യൂ, ചെലവ്, നിക്ഷേപവും പൊതു ആസ്തി മാനേജ്മെന്‍റും, ഫിനാൻഷ്യൽ സർവീസസ് എന്നീ അഞ്ച് വകുപ്പുകളാണ് ധനമന്ത്രാലയത്തിന് കീഴിലുള്ളത്.
പബ്ലിക് എന്‍റർപ്രൈസെസിനെ കൂടി ഉൾപ്പെടുത്തുന്നതോടെ ധനമന്ത്രാലയത്തിന്‍റെ കീഴിലുള്ള വകുപ്പുകളുടെ എണ്ണം 6 ആകും.