ന്യൂഡൽഹി: യാത്രക്കൂലി, ചരക്ക് കൂലി എന്നിവ പരിഷ്‌കരിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വികെ യാദവ് . എന്നാൽ നിരക്ക് വർധിപ്പിക്കുമോ എന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.
റെയിൽവേയുടെ വരുമാനം കുറയുന്നത് തടയാൻ നിരവധി നടപടികൾ ആരംഭിച്ചെങ്കിലും നിരക്ക് വർധിപ്പിക്കുന്നത് ഒരു 'വൈകാരികമായ' പ്രശ്‌നമാണെന്നും അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് ചർച്ചചെയ്യേണ്ടതുണ്ടെന്നും യാദവ് പറഞ്ഞു. ചരക്ക് കൂലി ഉയർന്നതാണെങ്കിലും റെയിൽവേയിലേക്ക് കൂടുതൽപേരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്നും റെയിൽവേ ബോർഡ് ചെയർമാൻ പറഞ്ഞു
സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യൻ റെയിൽവേ പ്രതിസന്ധിയിലാണ്. നടപ്പു സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രക്കൂലിയിനത്തിൽ 155 കോടി രൂപയുടെയും ചരക്ക് കൂലിയിനത്തിൽ 3,901 കോടി രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 2019-20 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) യാത്രാ കൂലിയിനത്തിൽ 13,398.92 കോടി രൂപയാണ് റെയിൽവേയുടെ വരുമാനം. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഇത് 13,243.81 കോടി രൂപയായി കുറഞ്ഞു.