ലണ്ടൻ: ഇറക്കുമതികൾക്ക് "കാർബൺ അതിർത്തി നികുതി (carbon border tax )" ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ. ഇതു സംബന്ധിച്ച നിർദേശം യൂറോപ്യൻ കമ്മിഷനാണ് മുന്നോട്ട് വച്ചത്. ഉരുക്ക്, സിമന്‍റ്, രാസവളങ്ങൾ, അലുമിനിയം എന്നിവയുൾപ്പെടെയുള്ള കാർബണിന്‍റെ അളവ് കൂടിയ ഉല്പന്നങ്ങൾക്കാണ് ഇറക്കുമതി നികുതി ഏർപ്പെടുത്തുക.
Also Read:'മാനദണ്ഡങ്ങള്‍ ലംഘിച്ചു' ; മാസ്റ്റർകാർഡിനെ വിലക്കി റിസർവ് ബാങ്ക്
കാർബൺ അതിർത്തി നികുതി 2026 മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കുമെന്നും യൂറോപ്യൻ കമ്മിഷൻ അറിയിച്ചു. ഒരേ കാർബൺ നികുതികൾ ബാധകമല്ലാത്ത വിദേശ വ്യവസായങ്ങളിൽ നിന്ന് യൂറോപ്യൻ വ്യവസായങ്ങളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. 2023-25 കാലഘട്ടത്തിൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ കാർബണ്‍ നിർഗമനത്തെക്കുറിച്ച് കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കും.
ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് നിർമിച്ച രാജ്യത്ത് കാർബണ്‍ നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ യൂറോപ്യൻ യൂണിയന്‍റെ നികുതികൾക്ക് ചെറിയ ഇളവുകൾ നൽകും. ലോക വ്യാപാര സംഘടനയുടെ നിയമങ്ങൾക്ക് അനുസൃതമായി മാത്രമെ കാർബണ്‍ അതിർത്തി നികുതി തീരുമാനിക്കുകയുള്ളു എന്നും കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചൈനയും റഷ്യയും ഉൾപ്പെടെയുള്ള വ്യാപാര പങ്കാളികളിൽ നിന്ന് യൂറോപ്യൻ യൂണിയന്‍റെ ഈ പുതിയ ആശയത്തിന് അനുകൂല സ്വീകരണമല്ല ലഭിക്കുന്നത്.
എന്താണ് കാർബണ്‍ നികുതി
അന്തരീക്ഷത്തിലേക്ക് കാർബണ്‍ ഡയോക്സൈഡ് പുറന്തള്ളുന്ന വ്യവസായങ്ങൾക്കോ സ്ഥാപനങ്ങൾക്കോ ഏർപ്പെടുത്തുന്ന നികുതി ആണ് കാർബൺ നികുതി. പുറന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്‍റെ തോത് അനുസരിച്ചാണ് നികുതി തീരുമാനിക്കുക. ഇറക്കുമതി വേളയിൽ കാർബൺ നികുതി ഏർപ്പെടുത്തുമ്പോൾ കണക്കാക്കുക ആ വസ്തുക്കളുടെ ഉത്പാദന വേളയിൽ എത്രത്തോളം കാർബണ്‍ പുറത്ത് വിട്ടിട്ടുണ്ട് എന്നതാണ്. ലോകത്ത് ആദ്യമായി കാർബണ്‍ നികുതി ഏർപ്പെടുത്തിയ രാജ്യം ന്യൂസിലന്‍റ് ആണ്.