വാഷിങ്ടണ്‍: ആഗോള സാമ്പത്തിക തളർച്ച ഇന്ത്യയെപ്പോലുള്ള വികസ്വര വിപണികളെ സാരമായി ബാധിക്കാൻ സാധ്യതയെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ പറഞ്ഞു. ഐഎംഎഫിന്‍റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോർജിയേവ തന്‍റെ ആദ്യ പ്രസംഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ലോകത്തിന്‍റെ 90 ശതമാനവും മന്ദഗതിയിലുള്ള വളർച്ചയെ നേരിടേണ്ടി വരും. അമേരിക്കയിലും ജർമനിയിലും തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന നിലയിലാണ്. യുഎസ്, ജപ്പാൻ, പ്രത്യേകിച്ച് യൂറോ കറൻസി പ്രദേശങ്ങൾ ഉൾപ്പെടെയുള്ള വികസിത സമ്പദ്‌വ്യവസ്ഥകളിലുടനീളം സാമ്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഇന്ത്യ, ബ്രസീൽ തുടങ്ങിയ ഏറ്റവും വലിയ വികസ്വര വിപണികളിൽ ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാകുമെന്നും ആഗോള വ്യാപാര വളർച്ച നിലച്ചു എന്നും ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ പറഞ്ഞു.