അഗര്‍ത്തല: രാജ്യത്തിന്‍റെ ഏഴാമത് സാമ്പത്തിക സെന്‍സസിന് തിങ്കളാഴ്ച ത്രിപുരയില്‍ തുടക്കമായി. അടുത്ത മാസം മുതല്‍ മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതിന് സമാനമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കണക്കെടുക്കാനായി തൊഴില്‍രഹിതരായ ചെറുപ്പക്കാരില്‍ നിന്ന് 6000 ആളുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
മൂന്ന് മാസം നീണ്ട് നില്‍ക്കുന്ന കണക്കെടുപ്പിനാണ് കഴിഞ്ഞ ദിവസം ത്രിപുരയില്‍ തുടക്കം കുറിച്ചത്. ഓഗസ്ത് സെപ്തംബര്‍ മാസങ്ങള്‍ കൊണ്ട് കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്കണോമിക് സെൻസസ് നോഡൽ ഓഫീസർ അരൂപ് കുമാർ ചന്ദ പറഞ്ഞു. കോമണ്‍ സര്‍വീസ് സെന്‍ററുകളുടെ സഹായത്തില്‍ ഓരോ പഞ്ചായത്തുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.