ന്യൂഡൽഹി: നോട്ട് നിരോധനം, ചരക്ക് സേവനനികുതി തിടുക്കത്തിൽ നടപ്പാക്കിയത്, ബാങ്കുകൾക്ക് മേലുള്ള സമ്മർദം കൂടിയത് എന്നിവയാണ് സമ്പദ്‌വ്യവസ്ഥയെ വീഴ്‌ചയിലേക്ക് നയിച്ച മൂന്ന് പ്രധാന തെറ്റുകളെന്ന് പി. ചിദംബരം. ശ്രീരാം കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു മുൻ ധനമന്ത്രി. ഖനനം, ഉൽപ്പാദനം, വൈദ്യുതി, കൽക്കരി, ക്രൂഡ് ഓയിൽ, ഗ്യാസ്, വാഹന വിപണി തുടങ്ങിയ എല്ലാ പ്രധാന മേഖലകളും മോശം അവസ്ഥയിലാണ് പ്രവർത്തിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
സമ്പദ്‌വ്യവസ്ഥയിൽ ആവശ്യകത കുറവാണെന്നും ഇത് നിക്ഷേപം കുറക്കുകയാണെന്നും അത് ഊർജ്ജസ്വലമാക്കേണ്ടതുണ്ടെന്നും പറഞ്ഞ ചിദംബരം കോർപ്പറേറ്റ് നികുതി കുറക്കുന്നതിനുപകരം, ജിഎസ്‌ടിയിൽ ഇളവ് നൽകിയിരുന്നെങ്കിൽ, അത് നിക്ഷേപത്തിലേക്ക് നയിക്കുമെന്നും കൂട്ടിച്ചേർത്തു. എംജിഎൻആർഇജിഎ, പിഎം-കിസാൻ തുടങ്ങിയ പദ്ധതികളിൽ കൂടുതൽ പണം നിക്ഷേപിക്കുകയെന്നതാണ് ജനങ്ങളുടെ കൈയിൽ പണമെത്തിക്കാനുള്ള ഒരു മാർഗമെന്നും എന്നാൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഇത്തരം പദ്ധതികളിൽ സർക്കാർ വെട്ടിക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും, ഇത് സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ അവസരം സർക്കാരിന് നഷ്‌ടമാക്കിയതായും ചിദംബരം ആരോപിച്ചു.