കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധനകള്‍ പുതിയ സാമ്പത്തിക വര്‍ഷമായ നാളെ മുതല്‍ നിലവില്‍ വരും. മോട്ടോര്‍ വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, മദ്യം, സിനിമാ ടിക്കറ്റുകള്‍ എന്നിവക്കായിരിക്കും പ്രധാനമായും വില വര്‍ധിക്കുക. ഒരു ലക്ഷം വരെ വിലമതിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് ആയിരം രൂപയും രണ്ട് ലക്ഷം വരെയുള്ളവക്ക് രണ്ടായിരം രൂപയും രണ്ട് ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് വിലക്ക് ആനുപാതികമായും വില വര്‍ധിക്കും. കാറിന് അഞ്ച് ലക്ഷം രൂപ വരെയുള്ളവക്ക് അയ്യായിരം രൂപയും പത്ത് ലക്ഷം വരെയുള്ളതിന് പതിനായിരം രൂപയും 15 ലക്ഷം വരെയുള്ളവക്ക് പതിനയ്യായിരവും വിലയുടെ അനുപാതത്തില്‍ വില വര്‍ധനവ് ബാധകമാകും. സിനിമാ ടിക്കറ്റുകള്‍ക്ക് പത്ത് ശതമാനം വിനോദ നികുതി ഏര്‍പ്പെടുത്തിയതോടെ നൂറ് രൂപ വരെയുള്ള ടിക്കറ്റിന് പത്ത് രൂപയും ഇരുന്നൂറ്റിയമ്പത് രൂപ വരെ വിലയുള്ള ടിക്കറ്റിന് ഇരുപത്തിയഞ്ച് രൂപയും വര്‍ധിക്കും.
മദ്യത്തിന് രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തിയത് മൂലം ബ്രാന്‍ഡിനനുസരിച്ച് ഇരുപത് മുതല്‍ അമ്പത് രൂപ വരെ വര്‍ധനവ് ഉണ്ടാകും. ഇതിന് പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമുള്ള ഫീസുകളിലും അഞ്ച് ശതമാനം വര്‍ധനവും ഉണ്ടാകും. എന്നാല്‍ ബജറ്റില്‍ പ്രഖ്യാപിച്ച പ്രളയ സെസ് നടപ്പാക്കുന്നതും ഭൂമിയുടെ ന്യായ വില പത്ത് ശതമാനം വര്‍ധിപ്പിക്കുന്നതും തെരഞ്ഞെടുപ്പിന് ശേഷം നടപ്പാക്കുകയുള്ളൂ