ന്യൂഡൽഹി: കൊവിഡ് ചികിത്സയ്‌ക്ക് കാനറ ബാങ്ക് വ്യക്തിഗത വായ്‌പാ പദ്ധതി അവതരിപ്പിച്ചു. പദ്ധതി അനുസരിച്ച് അടിയന്തര കൊവിഡ് ചികിത്സയ്‌ക്കായി 25,000 മുതൽ 5 ലക്ഷം രൂപവരെയുള്ള വ്യക്തിഗത ലോണ്‍ ബാങ്ക് ലഭ്യമാക്കും. ഇത്തരം ലോണുകൾക്ക് ആറുമാസത്തെ മൊറട്ടോറിയവും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പ്രൊസസിംഗ് ഫീസും ഈടാക്കില്ല. 2021 സെപ്‌റ്റംബർ 31 വരെയാണ് പുതിയ പദ്ധതിയിൻ കീഴിൽ കൊവിഡ് ചികിത്സാ ലോണുകൾ അനുവദിക്കുക. ചികിത്സയിലിരിക്കുന്ന കാലയളവിലോ അല്ലെങ്കിൽ ആശുപത്രി വാസത്തിന് ശേഷമോ ലോണിന് അപേക്ഷിക്കാവുന്നതാണ്.
Also Read: ലോക്ക്ഡൗണിൽ വിപണിയില്ല, വിലയുമില്ല; കർഷകർ ദുരിതത്തിൽ
പുതിയ പദ്ധതിയിൻ കീഴിൽ വ്യക്തിഗത ലോണുകൾക്ക് പുറമെ ഹെൽത്ത് കെയർ ക്രെഡിറ്റ്, ബിസിനസ് വിഭാഗങ്ങളിലും ലോണുകൾ നൽകും. ചികിത്സാ ഹെൽത്ത് കെയർ ക്രെഡിറ്റ് വിഭാഗത്തിൽ 10 ലക്ഷം മുതൽ 50 കോടി രൂപ വരെ ലോണ്‍ ലഭിക്കും. ആശുപത്രികൾ, നഴ്‌സിംഗ് ഹോംസ്, ഡോക്‌ടേഴ്‌സ്, ഡൈഗ്നോസ്റ്റിക് സെന്‍ററുകൾ തുടങ്ങിയവർക്കാണ് ഹെൽത്ത് കെയർ ക്രെഡിറ്റിന്‍റെ കീഴിൽ ലോണുകൾ ലഭിക്കുക. ആശുപത്രികളെ കൂടാതെ മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികളെ കൂടി ലക്ഷ്യമിട്ടുള്ളതാണ് ജീവൻ രേഖ ഹെൽത്ത് കെയർ ലോണുകൾ. രണ്ട് കോടി രൂപവരെയാണ് ഈ പദ്ധതിയിൻ കീഴിൽ നൽകുന്നത്.