ന്യൂഡൽഹി: വ്യക്തിഗത-കോർപറേറ്റ് മേഖലക്ക് നികുതിയിളവുകൾ നൽകിയത് നരേന്ദ്ര മോദി സർക്കാരാണെന്നും അതിനാൽ നികുതിയിളവുകളുണ്ടോയെന്നറിയാൻ ബജറ്റ് പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനും കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ ഇടിവി ഭാരതിനോട് പറഞ്ഞു.
ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 2019ൽ പീയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ, 5 ലക്ഷം രൂപ വരെ അറ്റനികുതി വരുമാനമുള്ള വ്യക്തികൾക്ക് സമ്പൂർണ നികുതി ഇളവ് നൽകി. തെരഞ്ഞെടുപ്പിന് ശേഷം നിർമല സീതാരാമൻ അവതരിപ്പിച്ച പൊതു ബജറ്റിൽ ഈ നീക്കം തുടർന്നിരുന്നു.
ആഗോള സമ്പദ്‌വ്യവസ്ഥയിലെ മാന്ദ്യത്തിന്‍റെ ആഘാതം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും അനുഭവപ്പെടുന്നതിന്‍റെ ഫലമാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 71 രൂപയായതെന്നും താക്കൂർ പറഞ്ഞു. കഴിഞ്ഞ മാസങ്ങളിൽ സ്വീകരിച്ച നടപടികൾ കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനും 5 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കുന്നതിനും സഹായിക്കുമെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ സവാള വില കുറയുമെന്നും അനുരാഗ് സിംഗ് താക്കൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കോൺഗ്രസ് സർക്കാരിന്‍റെ കാലത്തെ 12 ശതമാനം പണപ്പെരുപ്പ നിരക്കിനെ അപേക്ഷിച്ച് മോദി സർക്കാരിന്‍റെ കഴിഞ്ഞ അഞ്ചരവർഷത്തെ 3.5 ശതമാനം ശരാശരി പണപ്പെരുപ്പ നിരക്ക് വളരെ കുറവാണെന്നും കോൺഗ്രസ് പാർട്ടിയെ വിമർശിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ സഹമന്ത്രി അനുരാഗ് സിംഗ് താക്കൂർ പറഞ്ഞു.