ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കായുള്ള പ്രധാൻ മന്ത്രി വയ വന്ദന യോജനയിൽ(പിഎംവിവിവൈ) അംഗത്വം ലഭിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) വഴിയാണ് പ്രതിവർഷം എട്ട് ശതമാനം പലിശ നൽകുന്ന പദ്ധതി നടപ്പിലാക്കുന്നത്. 2017-18, 2018-19 ലെ കേന്ദ്ര ബജറ്റുകളിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ധനമന്ത്രാലയ വിജ്ഞാപന പ്രകാരം പിഎംവിവിവൈ പദ്ധതി ആനുകൂല്യം ലഭിക്കാൻ അംഗത്വമുള്ള വ്യക്തി ആധാർ നമ്പർ കൈവശമുണ്ടെന്നതിന്‍റെ തെളിവ് നൽകുകയോ ആധാർ പ്രമാണീകരണത്തിന് വിധേയമാക്കുകയോ വേണം. ആധാർ ആക്റ്റ് 2016(സാമ്പത്തികവും മറ്റ് സബ്‌സിഡികളും, ആനുകൂല്യങ്ങളും സേവനങ്ങളും ലക്ഷ്യമിട്ടിട്ടുള്ളത്) പ്രകാരമാണ് ഡിസംബർ 23 ന് ധനമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്.
ആധാർ നമ്പർ കൈവശമില്ലാത്തതോ ഇതുവരെ ആധാറിനായി രജിസ്‌റ്റർ ചെയ്‌തിട്ടില്ലാത്ത പിഎംവിവിവൈ പദ്ധതിക്ക് കീഴിൽ ആനുകൂല്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും പദ്ധതി രജിസ്‌റ്റർ ചെയ്യുന്നതിന് മുമ്പ് ആധാർ എൻറോൾമെന്‍റിന് അപേക്ഷിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.
മോശം ബയോമെട്രിക് കാരണം ആധാർ പ്രാമാണീകരണം പരാജയപ്പെടുന്ന സന്ദർഭങ്ങളിൽ, ധനകാര്യ മന്ത്രാലയത്തിന്‍റെ സേവന വകുപ്പ് അതിന്‍റെ നടപ്പാക്കൽ ഏജൻസി വഴി ഗുണഭോക്താക്കളെ ആധാർ നമ്പർ നേടാൻ സഹായിക്കും. 2018-19 ബജറ്റിൽ, മുതിർന്ന പൗരന് പിഎംവിവൈ പ്രകാരം പരമാവധി നിക്ഷേപ പരിധി 15 ലക്ഷം രൂപയാക്കിയിരുന്നു. പദ്ധതിയിൽ അംഗത്വം നേടാനുള്ള കാലാവധി 2020 മാർച്ച് വരെ നീട്ടിയിട്ടുണ്ട്.