കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലും ഡയറക്ടറായ ഭാര്യ അനിതാ ഗോയലും സ്ഥാനങ്ങള്‍ രാജിവെച്ചു. തിങ്കളാഴ്ച മുംബൈയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇവര്‍ രാജി പ്രഖ്യാപിച്ചത്.
ഇവര്‍ക്ക് പുറമെ ജെറ്റ് എയര്‍വേയ്സിന്‍റെ പ്രധാന ഓഹരി ഉടമകളിലൊന്നായ എത്തിഹാദ് എയര്‍വേയ്സിന്‍റെ പ്രതിനിധിയായ കെവിന്‍ നെറ്റും ബോര്‍ഡില്‍ നിന്ന് രാജിവെക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡയറക്ടര്‍ ബോര്‍ഡിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ ഇവരുടെ രാജി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എസ്ബിഐയുടെ മുന്‍ ചെയര്‍മാന്‍ ജാനകി വല്ലഭ്, ജെറ്റ് എയര്‍വേയ്സിന്‍റെ പുതിയ ചെയര്‍മാനായേക്കും എന്നാണ് സൂചനകള്‍.
അതേ സമയം കമ്പനിയെ കരകയറ്റാന്‍ അടിയന്തര സഹായമെന്ന നിലയില്‍ 1500 കോടി രൂപ വായ്പ നല്‍കുവാന്‍ എസ്ബിഐയുടെ നേതൃത്വത്തില്‍ നടന്ന ബാങ്കുകളുടെ യോഗം തീരുമാനിച്ചു. കമ്പനിയുടെ വിവിധ സ്വത്തുവകകൾ വായ്പയ്ക്ക് ഈടായി നൽകാനും തീരുമാനമായി. നിലവില്‍ 8,200 കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്കുള്ളത്.