ന്യൂഡല്‍ഹി: ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവ മൂലമാണ് കൂടുതലായി ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ രാജ്യത്തേക്ക് കടന്നു വരാത്തതെന്ന് അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്ലയുടെ സിഇഒ ഇലോണ്‍ മുസ്ക്. ട്വിറ്ററില്‍ ഒരു കമന്‍റിന് മറുപടിയായാണ് മുസ്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യയില്‍ ചില അവസരങ്ങളില്‍ നൂറ് ശതമാനത്തിലധികം വരെ ഇറക്കുമതി തീരുവ ഈടാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ പല കമ്പനികള്‍ക്കും താങ്ങാനാകുന്നതല്ല. ആയതിനാലാണ് പല കാര്‍ നിര്‍മ്മാതാക്കളും ഇന്ത്യയിലേക്ക് കടന്നുവരാന്‍ മടിക്കുന്നത് എന്നായിരുന്നു മുസ്കിന്‍റെ ട്വീറ്റ്. ജിഎസ്ടി കുറക്കല്‍ ഉള്‍പ്പെടെ രാജ്യത്തെ ഇലക്ട്രിക് കാര്‍ വിപണി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആഭ്യന്തര വാഹന നിർമാതാക്കളെ സംരക്ഷിക്കുന്നതിന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 125 ശതമാനം തീരുവയാണ് സര്‍ക്കാര്‍ ചുമത്തുന്നതെന്നും മുസ്ക് വിമര്‍ശിക്കുന്നു.
നേരത്തെ മദ്രാസ് ഐഐടിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഇന്ത്യന്‍ നിരത്തുകളില്‍ തങ്ങളുടെ വാഹനം 2020ഓടെ എത്തുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ വിമര്‍ശനം വന്ന സാഹചര്യത്തില്‍ മുസ്ക് സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമായിരിക്കും. നേരത്തെ ഇന്ത്യ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ഇറക്കുമതി തീരുവ കുറക്കണം എന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത് വന്നിരുന്നു.