സാൻഫ്രാൻസിസ്കോ: ആഗോള ബ്രാൻഡ് കൺസൾട്ടൻസി ഇന്‍റർബ്രാന്‍ഡ് വാർഷിക റാങ്കിങ്ങിൽ ഏറ്റവും മികച്ച ബ്രാൻഡുകളിൽ ഫേസ്ബുക്കിന് പതിനാലാം സ്ഥാനം. രണ്ട് വർഷം മുമ്പ് എട്ടാം സ്ഥാനത്തായിരുന്ന ഫേസ്ബുക്കിന് ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. ഫേസ്ബുക്കുമായി ബന്ധപ്പെട്ട് സ്വകാര്യത സംബന്ധിച്ച ആശങ്കകളുംഅന്വേഷണങ്ങളും നടക്കുന്നതാണ് റാങ്കിങ്ങില്‍ താഴെപ്പോകാന്‍ കാരണമായത്. 100 മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ആപ്പിൾ മുന്നിലെത്തിയപ്പോള്‍ ഗൂഗിളും ആമസോണും രണ്ടും മൂന്നും സ്ഥാനത്തെത്തി. മൈക്രോസോഫ്റ്റ് നാലാമതും കൊക്കകോള അഞ്ചാമതും സാംസങ് പട്ടികയിൽ ആറാമതുമാണ്. ഏഴാം സ്ഥാനം ടൊയോട്ടയും, എട്ടാമത് മെഴ്‌സിഡസ് ബെന്‍സും, ഒമ്പതാമത് മക്ഡൊണാൾഡ്‌സും, പത്താം സ്ഥാനത്ത് ഡിസ്‌നിയുമാണുള്ളത്.
സ്വകാര്യത ലംഘനങ്ങൾ സംബന്ധിച്ച് അഞ്ച് ബില്യൺ ഡോളർ യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന് (എഫ്‌ടിസി) നൽകാമെന്ന് ഫേസ്ബുക്ക് ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു. യുഎസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനി സെയിൽസ്ഫോഴ്‌സിന്‍റെ സിഇഒ മാർക്ക് ബെനിയോഫ് ഫേസ്ബുക്ക് കുട്ടികളെ ആസക്തിയിലാക്കുന്ന “പുതിയ സിഗരറ്റ്” ആണെന്ന് ആരോപിച്ചു. 87 ദശലക്ഷം ഉപയോക്താക്കൾ ഉൾപ്പെട്ട കേംബ്രിഡ്‌ജ് അനലിറ്റിക്ക ഡാറ്റാ അഴിമതിക്ക് ശേഷം ഫേസ്ബുക്കിലുള്ള ഉപയോക്താക്കളുടെ ആത്മവിശ്വാസം 66 ശതമാനം ഇടിഞ്ഞെന്നാണ് സ്വതന്ത്ര ഗവേഷണ സ്ഥാപനം നടത്തിയ സര്‍വേ പുറത്ത് വിട്ട റിപ്പോര്‍ട്ട്.