ന്യൂഡല്‍ഹി: ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇഎസ്) ഉള്‍പ്പെടുത്താനുള്ള അനുമതി തേടി രാജ്യത്തെ ഓട്ടോ റീട്ടെയില്‍ വ്യവസായ മേഖല. ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) സർക്കാരിന് നൽകിയ ശുപാര്‍ശയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്
ഓട്ടോ റീട്ടെയിൽ മേഖല രാജ്യത്തിന് വലിയ സംഭാവന നൽകിയിട്ടും തിരികെ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് എഫ്എഡിഎ പ്രസിഡന്‍റ് ആശിഷ് ഹര്‍ഷരാജ് കാലെ പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ ഓട്ടോ റീട്ടെയില്‍ വ്യവസായത്തിലെ ഡീലർമാർ, വർക്‌ഷോപ്പുകള്‍, സേവന സ്റ്റേഷനുകൾ എന്നിവ എംഎസ്എംഇഡി ആക്റ്റ് 2006 ന്റെ പരിധിയിൽ ഉള്‍പ്പെടും. 25 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങൾ നൽകുന്ന മേഖലക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ ലഭ്യമാക്കുന്നതിനും നികുതി ഭാരം കുറക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. നിലവില്‍ രാജ്യത്തെ വാഹന വ്യവസായം കടുത്ത സമ്മര്‍ദത്തിലാണ്. ജിഎസ്ടിയില്‍ ഇളവ് വരുത്തി ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.