ന്യൂഡൽഹി: ടെലികോം ഓപ്പറേറ്റർമാർക്കുള്ള ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) ബാധ്യതകൾ അടക്കേണ്ടി വന്നാൽ വോഡഫോൺ ഐഡിയയയുടെ അവസ്ഥ ഗുരുതരമാകുമെന്നും ഇത് എയർടെലിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുമെന്നും വിദഗ്‌ദർ അഭിപ്രായപ്പെടുന്നു. മോർഗൻ സ്റ്റാന്‍ലി വെള്ളിയാഴ്‌ച പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ക്രമീകരിച്ച മൊത്ത വരുമാന (എജിആർ) ബാധ്യത മുഴുവൻ നിലവിലുള്ള ടെലികോം ഓപ്പറേറ്റർമാർ അടക്കേണ്ടി വന്നാൽ എയർടെൽ 4.8 ബില്യൺ ഡോളറും വോഡഫോൺ ഐഡിയ അഞ്ച് ബില്യൺ ഡോളറും അടക്കേണ്ടി വരും.
ടെലികോം ഓപ്പറേറ്റർമാർ നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളുകയാണെങ്കിൽ, അത് എയർടെല്ലിനെ ബാധിക്കുന്നതിലും അധികം വോഡഫോൺ ഐഡിയയെ ബാധിക്കും. 2020 ജനുവരി ഇരുപത്തിനാലിന് മുമ്പ് ഈ ബാധ്യതകൾക്ക് പണം കണ്ടെത്തുക എന്നത് വോഡഫോൺ ഐഡിയയെ സംബന്ധിച്ച് വെല്ലുവിളിയാണ്. ഇത് എയർടെല്ലിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്നാണ് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്. സർക്കാർ സഹായത്തിന്‍റെ അഭാവത്തിൽ കമ്പനിയിൽ ഇനിയും പണം നിക്ഷേപിക്കില്ലെന്ന് ചെയർമാൻ കുമാർ മംഗലം ബിർള കഴിഞ്ഞ ദിവസം പറഞ്ഞത് വോഡഫോൺ ഐഡിയയുടെ സുസ്ഥിരതയെക്കുറിച്ച് ഇതിനകം തന്നെ ചോദ്യങ്ങളുയർത്തുന്നുണ്ട്.
എന്നാൽ രണ്ട് ബില്യൺ ഡോളർ ഓഹരി, ഒരു ബില്യൺ ഡോളർ കടം (ഡെബ്റ്റ്) എന്നീ രണ്ട് ഇനങ്ങളിലുമായി മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാൻ ഭാരതി എയർടെല്ലിന്‍റെ ബോർഡ് അനുമതി നൽകിയിട്ടുണ്ട്. എജിആർ കുടിശ്ശിക മുഴുവനായി അടക്കേണ്ടി വന്നാൽ ഉപയോഗപ്പെടുത്താനാണ് ഈ ധനസമാഹരണം. എജിആർ ബാധ്യതകളുടെ ഒരു ഭാഗം എഴുതിത്തള്ളുകയോ അല്ലെങ്കിൽ ഒരു നിശ്ചിത കാലയളവിനുള്ളിൽ അടച്ചാൽ മതിയെങ്കിൽ കമ്പനിയുടെ വരുമാനം നിലവിലുള്ള കടം തിരിച്ചടക്കാൻ ഉപയോഗിക്കാമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രണ്ട് രീതി സ്വീകരിക്കുകയാണെങ്കിലും എയർടെല്ലിനെ സാരമായി ബാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സമീപകാലത്തെ താരിഫ് വർദ്ധനവ് മൂലം വരുമാനം വീണ്ടും കൂടുമെന്നും നിലവിലെ കമ്പനിയുടെ വരുമാനമായ 30 ബില്യൺ ഡോളറിനെ മറികടന്ന് 50 ബില്യൺ ഡോളറിലെത്തുമെന്നും ഭാരതി എയർടെൽ പ്രതീക്ഷിക്കുന്നെന്നാണ് ഗോൾഡ്‌മാൻ സാച്ച്സിന്‍റെ റിപ്പോർട്ട് പറയുന്നത്. ഒരു പുതിയ ടെലികോം കമ്പനി നിലവിലെ സാഹചര്യത്തിൽ ഇന്ത്യന്‍ ടെലികോം വിപണിയിൽ പ്രവേശിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാരതി എയർടെൽ എജിആര്‍ ബാധ്യതയില്‍ ഇളവുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.