ന്യൂഡല്‍ഹി: പുതിയ രണ്ട് ഹെലികോപ്ടറുകളുടെ നിര്‍മ്മാണത്തില്‍ പവന്‍ ഹാന്‍സ് ലിമിറ്റഡുമായി (പിഎച്ച്എല്‍) കരാറിലേര്‍പ്പെട്ട് എയര്‍ബസ്. എച്ച് 125, എച്ച് 225 എന്നീ മോഡലുകളുടെ നിര്‍മ്മാണത്തിനാണ് ഇരു കമ്പനികളും കൈകോര്‍ക്കുന്നത്.
ഇതിന് പുറമെ പിഎച്ച്എലിന്‍റെ കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന എഎസ്365 ഡോള്‍ഫിന്‍ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപണികളും എയര്‍ബസ് ഏറ്റെടുക്കും. 37 ഡോള്‍ഫിന്‍ ഹെലികോപ്റ്റര്‍ യൂണിറ്റുകളാണ് സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള പിഎച്ച്എലിന്‍റെ കീഴില്‍ ഉള്ളത്. കരാറില്‍ ഒപ്പിട്ടതോടെ എയര്‍ബസിന്‍റെ ഏറ്റവും വലിയ ഉപഭോക്താക്കളായി പിഎച്ച്എല്‍ മാറി.
മള്‍ട്ടി ഹെലികോപ്ടറുകളായാണ് എച്ച് 125, എച്ച് 225 എന്നിവ നിര്‍മ്മിക്കുന്നത്. രാജ്യത്തുടനീളമുള്ള പിഎച്ച്‌എല്ലിന്റെ ദൗത്യങ്ങളെ പിന്തുണയ്‌ക്കുമെന്നും എയര്‍ബസ് പറഞ്ഞു. പിഎച്ച്എലിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ദയാസാഗറും എയര്‍ബസ് ഹെലികോപ്ടറിന്‍റെ ഇന്ത്യന്‍ മേധാവി ആഷിഷ് സരഫുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്.