ന്യൂഡൽഹി: കഴിഞ്ഞ വർഷം 28 അമേരിക്കൻ ചരക്കുകളുടെ കസ്‌റ്റംസ് തീരുവ ഇന്ത്യ വർദ്ധിപ്പിച്ചതിനെരായ യുഎസ് പരാതി പരിശോധിക്കാൻ ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) തർക്ക പരിഹാര സമിതി രൂപീകരിച്ചു. കസ്‌റ്റംസ് തീരുവ വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ആഗോള വ്യാപാര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ആരോപിച്ച് യുഎസ് ജൂലൈയിൽ ഇന്ത്യക്കെതിരെ ഡബ്ല്യുടിഒയിൽ പരാതി നൽകിയിരുന്നു.
ഇന്ത്യ ചുമത്തിയ അധിക തീരുവ ജിഎടിടി 1994(ജനറൽ കരാർ) പ്രകാരം യുഎസിന് നേരിട്ടോ അല്ലാതെയോ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കുനെന്ന് ആരോപിച്ചാണ് യുഎസ് പരാതി. കസ്‌റ്റംസ് തീരുവ പോലുള്ള വ്യാപാര തടസങ്ങൾ കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതിലൂടെ വ്യാപാരം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ലോക വ്യാപാര സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളും ഒപ്പുവച്ച ഡബ്ല്യുടിഒ ഉടമ്പടിയാണ് ജനറൽ എഗ്രിമെന്‍റ് ഓൺ താരിഫ് ആന്‍റ് ട്രേഡ്(ജിഎടിടി). ഇന്ത്യ ചുമത്തിയ തീരുവകൾ ജിഎടിടി യുടെ രണ്ട് മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് അമേരിക്കയുടെ ആരോപണം.
ബദാം, പയർവർഗ്ഗങ്ങൾ, വാൽനട്ട്, ചിക്കൻ, ബോറിക് ആസിഡ്, ഇരുമ്പ്, ഉരുക്ക് ഉൽപന്നങ്ങൾ, ആപ്പിൾ, പിയേഴ്‌സ് , ട്യൂബ്, പൈപ്പ് ഫിറ്റിംഗ്‌സ്, സ്ക്രൂകൾ, ബോൾട്ടുകൾ എന്നിവയുൾപ്പെടെ 28 അമേരിക്കൻ ഉൽപ്പന്നങ്ങൾക്കാണ് കസ്‌റ്റംസ് തീരുവ വർധിപ്പിച്ചത്. 2017-18 ൽ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി മൂല്യം 47.9 ബില്യൺ ഡോളറും, ഇന്ത്യയിലേക്കുള്ള ഇറക്കുമതി മൂല്യം 26.7 ബില്യൺ യുഎസ് ഡോളറുമായിരുന്നു.