ന്യൂഡല്‍ഹി: ഒരു വര്‍ഷം പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ പണമായി പിന്‍വലിക്കുന്നവരില്‍ നിന്ന് പ്രത്യേകം നികുതി ഈടാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുക, കള്ളപ്പണ ലഭ്യത കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.
വലിയ തുകകള്‍ പിന്‍വലിക്കുന്നതിനായി ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വന്നാല്‍ ആരെല്ലാമാണ് പണം പിൻവലിച്ചതെന്നും ഇവർ നികുതിവലയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും എളുപ്പം അറിയാന്‍ സാധിക്കും. എന്നാല്‍ വിശദമായ പഠനങ്ങള്‍ക്ക് ശേഷമെ വിഷയത്തില്‍ നടപടി ഉണ്ടാകു എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിജിറ്റല്‍ രൂപത്തിലുള്ള വിനിമയത്തിന് സാഹചര്യം ഉള്ളപ്പോള്‍ കറന്‍സിയുടെ വിനിമയം പ്രോത്സാഹിപ്പിക്കേണ്ട എന്നതാണ് സര്‍ക്കാരിന്‍റെ നയം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ആർടിജിഎസ്, എൻഇഎഫ്ടി ഇടപാടുകളുടെ ചാർജ് ആര്‍ബിഐ ഒഴിവാക്കിയിരുന്നു.