ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്നുമുതല്‍ രാജ്യത്തെ ദേശീയപാതകളില്‍ സ്ഥിതിചെയ്യുന്ന എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്റ്റ് ടാഗ് ലൈനുകള്‍ സ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രാലയം. നേരത്തെ നാല് മാസത്തിനുള്ളില്‍ രാജ്യത്തെ വാഹനങ്ങളിലെല്ലാം ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗതാഗത മന്ത്രാലയത്തിന്‍റെ കൂടുതല്‍ അറിയിപ്പുകള്‍ പുറത്ത് വരുന്നത്.
2018 ലെ ഹൈവേ നിയമപ്രകാരം ഫാസ്റ്റ് ടാഗ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമായി ടോള്‍ പ്ലാസകളില്‍ പ്രത്യേക ലൈന്‍ ഉണ്ടായിരിക്കണം. ഇത് വഴി ഫാസ്റ്റ് ടാഗ് ഘടിപ്പിക്കാത്ത വാഹനത്തിന് കടന്നു പോകണമെങ്കില്‍ ഇരട്ടിത്തുക നല്‍കേണ്ടി വരും. ഈ നിയമം കര്‍ശനമായി പാലിക്കണമെന്ന് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ഗതാഗത മന്ത്രാലയം അയച്ച കത്തില്‍ പറയുന്നു. വാഹനങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കുന്നതിനും ടോൾ പ്ലാസകളിലെ ട്രാഫിക് ജാം തടയുന്നതിനും ഡിജിറ്റൽ മോഡ് വഴി ഫീസ് വേഗത്തിൽ അടയ്ക്കുവാനും പുതിയ തീരുമാനം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
ടോൾ പ്ലാസകളിലെ പിരിവ് സംവിധാനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അവതരിപ്പിച്ച ഇലക്ട്രോണിക് ടോൾ ശേഖരണ സംവിധാനമാണ് ഫാസ്റ്റ് ടാഗ്. വാഹനങ്ങളുടെ വിന്‍ഡ് സ്ക്രീനിനടുത്ത് സ്ഥാപിച്ചിരിക്കുന്ന ഫാസ്റ്റ് ടാഗിലൂടെ ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് ടോള്‍ അധികൃതര്‍ക്ക് നേരിട്ട് പണം പിന്‍വലിക്കാന്‍ സാധിക്കും. ഉപഭോക്താവിന് വാഹനങ്ങള്‍ നിര്‍ത്തേണ്ട സാഹചര്യവും വരില്ല. നിലവില്‍ രാജ്യത്തെ 58 ലക്ഷം വാഹനങ്ങളില്‍ ഫാസ്റ്റ് ടാഗ് ഘടിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.