മുംബൈ: ചരക്ക് സേവന നികുതി (ജിഎസ്‌ടി) നഷ്‌ടപരിഹാരം നൽകാൻ മോദി സർക്കാർ പരാജയപ്പെട്ടാൽ അത് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ ഏറ്റുമുട്ടലിന് കാരണമാകുമെന്ന് ശിവസേനയുടെ മുന്നറിയിപ്പ്. രാജ്യത്തെ സാമ്പത്തിക അരാജകത്വത്തിന് കേന്ദ്രത്തിന്‍റെ നയങ്ങളാണ് കാരണമെന്നും ശിവസേന പറഞ്ഞു.
ജിഎസ്‌ടി നടപ്പാക്കിയതുമൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്‌ടത്തിന് പരിഹാരമായി 50,000 കോടി രൂപ നൽകാമെന്ന് കേന്ദ്രം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസമായി സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പാർട്ടി മുഖപത്രമായ 'സാമ്‌ന' എഡിറ്റോറിയലിൽ സേന വ്യക്തമാക്കി.
ഈ പണം സംസ്ഥാനങ്ങളുടേതാണെന്നും, ഇനിയും കാലതാമസം നേരിടുന്നത് സാമ്പത്തിക സ്ഥിതി നശിപ്പിക്കുമെന്നും വിഭവങ്ങളിൽ ശരിയായ പങ്ക് കൈമാറിയില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിനെതിരെ ശബ്‌ദമുയർത്തേണ്ടിവരുമെന്നും ശിവസേന പറഞ്ഞു.
സംസ്ഥാനങ്ങൾക്ക് ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകണമെന്ന ചുമതലയെ കേന്ദ്രം മാനിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ ഉറപ്പ് നൽകിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് സേനയുടെ വിമർശനം.
ജിഎസ്‌ടി നടപ്പാക്കിയ ശേഷമുള്ള ആദ്യ അഞ്ച് വർഷങ്ങളിൽ വരുമാനനഷ്‌ടമുണ്ടായാൽ പരിഹരിക്കാമെന്ന് ഉറപ്പുനൽകുന്ന നിയമനിർമ്മാണത്തിലൂടെയാണ് 2017 ജൂലൈ 1 മുതൽ പ്രാദേശിക തലത്തിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിക്കാനുള്ള അധികാരം ജിഎസ്‌ടിയിൽ ഉൾപ്പെടുത്തിയത്. മുനിസിപ്പൽ കോർപ്പറേഷനുകളുടെ വരുമാനമായ ഒക്‌ട്രോയി നിർത്തലാക്കിയതിനെത്തുടർന്ന് ഉൽപ്പാദനത്തിൽ കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങളെ കൂടുതലായി ബാധിച്ചെന്നും പാർട്ടി പറഞ്ഞു.
ഭാരത് പെട്രോളിയം പോലെ ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ വിദേശ പര്യടനത്തിനായി ചെലവഴിച്ച 500 കോടി രൂപ എയർ ഇന്ത്യയ്ക്ക് നൽകാൻ കേന്ദ്രത്തിന് പണമില്ലെന്നും കുറിപ്പിൽ പറയുന്നു. അതിനാൽ ജിഎസ്‌ടി നഷ്‌ടപരിഹാരം സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്നത് സംശയമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു.
ജിഎസ്‌ടി നഷ്‌ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്വത്തെ കേന്ദ്രം മാനിച്ചിട്ടില്ലെന്നും ഈ സാഹചര്യം തുടർന്നാൽ, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാകുമെന്നും ശിവസേന വ്യക്തമാക്കി.
പരൗത്വ ഭേദഗതി ബിൽ പാസാക്കിയതുമായി ബന്ധപ്പെട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾ പോലെയുള്ളവ ഇക്കാര്യത്തിലുമുണ്ടാകുമെന്നും ശിവസേന പാർട്ടി മുഖപത്രത്തിലൂടെ ആരോപിച്ചു.