മുംബൈ: വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ക്കുള്ള മാനദണ്ഡങ്ങളിലും കെ വൈ സി നിബന്ധനകളിലും മാറ്റം വരുത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എച്ച് ആർ ഖാന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭേദഗതികള്‍.
ഇനിമുതല്‍ വിദേശ പോര്‍ട്ട് ഫോളിയോകള്‍ക്ക് രണ്ട് വിഭാഗമായിരിക്കും ഉണ്ടാകുക. നേരത്തെ ഇത് മൂന്ന് വിഭാഗം ആയിരുന്നു. മ്യൂച്വൽ ഫണ്ടുകൾ ധാരാളമായി വരുന്ന ഓഫ്‌ഷോർ ഫണ്ടുകൾ എഫ്‌പിഐകളായി രജിസ്റ്റർ ചെയ്ത ശേഷം രാജ്യത്ത് നിക്ഷേപിക്കാനും കൂടുതൽ വിദേശ ഫണ്ടുകൾ വിപണിയിലേക്ക് ആകർഷിക്കുന്നതിനും ബാങ്ക് ഫോർ ഇന്‍റര്‍നാഷണൽ സെറ്റിൽമെന്റിൽ അംഗമല്ലാത്ത സെൻട്രൽ ബാങ്കുകൾക്ക് വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരായി (എഫ്പിഐ) രജിസ്റ്റർ ചെയ്യാനും പുതിയ ഭേദഗതി സഹായിക്കും.
ഇതിന് പുറമെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിര്‍വ്വഹണത്തിലെ തട്ടിപ്പുകളെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും സെബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് തട്ടിപ്പ് തുകയുടെ പത്ത് ശതമാനത്തോളം തുക പാരിതോഷികമായി ലഭിക്കും. ഇതിന്‍റെ പരമാവധി തുക ഒരു കോടിയാണ് .