മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സിക്കുമേൽ തുടർന്നിരുന്ന നിയന്ത്രണങ്ങൾ ആർബിഐ ഭാഗികമായി പിൻവലിച്ചു. ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നതിൽ നിന്നും പുതിയ ഡിജിറ്റൽ സേവനങ്ങൾ നടപ്പാക്കുന്നതിൽ നിന്നും കഴിഞ്ഞ എട്ട് മാസമായി ബാങ്കിനെ ആർബിഐ വിലക്കിയിരുന്നു.
Also Read: താലിബാന്‍ ഭരണം : അഫ്‌ഗാൻ- ഇന്ത്യ വ്യാപാരം അനിശ്ചിതത്വത്തിലാകുമെന്ന് സംഘടനകൾ
ഇതിൽ പുതിയ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നതിന് ഉണ്ടായിരുന്ന വിലക്കാണ് ഇപ്പോൾ ആർബിഐ നീക്കിയത്. എന്നാൽ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിന് ഇപ്പോഴും വിലക്കുണ്ട്. കഴിഞ്ഞ ഡിസംബറിൽ ബാങ്കിന്‍റെ ഭാഗത്ത് നിന്ന് തുടർച്ചയായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്‌തതിനെ തുടർന്നാണ് ആർബിഐ ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് നീങ്ങിയത്.
ആർബിഐയുടെ നടപടി ക്രെഡിറ്റ് കാർഡ് സെഗ്മെന്‍റിൽ മുന്നിൽ നിന്നിരുന്ന എച്ച്ഡിഎഫ്‌സിയുടെ ബിസിനസിനെ കാര്യമായി ബാധിച്ചിരുന്നു. വിലക്ക് ഏറ്റവും കൂടുതൽ ഗുണം ചെയ്‌തത് ഐസിഐസിഐ, എസ്ബിഐ തുടങ്ങിയ ബാങ്കുകൾക്കാണെന്നാണ് വിലയിരുത്തൽ. വാഹന വായ്‌പയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ എച്ച്ഡിഎഫ്‌സി ബാങ്കിന് കഴിഞ്ഞ ജൂലൈയിൽ ആർബിഐ 10 കോടിയുടെ പിഴ ചുമത്തിയിരുന്നു.