യുഎസ് റീട്ടെയ്ൽ ഭീമൻമാരായ വാൾമാർട്ട് ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിനെ കൈവിട്ടേക്കുമെന്ന് അമേരിക്കൻ ആഗോള ധനകാര്യ സേവന കമ്പനിയും നിക്ഷേപക ബാങ്കുമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.
അമേരിക്കൻ റീറ്റെയ്ൽ ഭീമനായ വാൾമാർട്ട് ഇന്ത്യയുടെ ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തിട്ട് ആറു മാസം തികയുന്നതേയുള്ളൂ. സർക്കാരിന്‍റെ പുതിയ എഫ്‌ഡിഐ ചട്ടങ്ങളാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് തിരിച്ചടിയായത്.
പുതിയ നിയമമനുസരിച്ച് കമ്പനികൾക്ക് ഇനി അവരുടെ ലേബലുകൾ സ്വന്തം പ്ലാറ്റ് ഫോമിലൂടെ വിൽക്കാൻ കഴിയില്ല.ഇതോടെ തങ്ങളുടെ പ്ലാറ്റ് ഫോമിൽ നിന്ന് 25 ശതമാനം ഉല്പന്നങ്ങളും നീക്കേണ്ട അവസ്ഥയിലാണ് ഫ്ലിപ്കാർട്ടെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു.
എക്സ്ക്ലൂസീവ് ഡീലുകൾ നിരോധിച്ചതാണ് മറ്റൊരു തിരിച്ചടിയായത്. ഇതുമൂലം സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് വിൽപന കുറയും. ഫ്ലിപ്കാർട്ടിനാകട്ടെ വരുമാനത്തിൽ 50 ശതമാനവും ഈ കാറ്റഗറിയിൽ നിന്നാണ്.
മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട് യാഥാർഥ്യമായാൽ ഇന്ത്യൻ ഇ-കൊമേഴ്സ് മേഖലയ്ക്കും മൊത്തത്തിലുള്ള നിക്ഷേപകർക്കും വലിയ തിരിച്ചടിയാകും.