ന്യൂഡൽഹി: ജിഎസ്‌ടി നിരക്ക് വർധനക്ക് സാധ്യതയില്ലെന്ന് മന്ത്രി ടി.എസ് സിംഗ് ദിയോ. 38-ാമത് ചരക്ക് സേവന നികുതി കൗൺസിൽ യോഗത്തിന് മുന്നോടിയായി സിംഗ് ദിയോ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കൗൺസിലിന്‍റെ അജണ്ടയിൽ നിരക്ക് വർധനവ് ഉണ്ടാകില്ലെന്ന് സൂചന നൽകി.
നഷ്‌ടപരിഹാര സെസ് വഴിയോ ജിഎസ്‌ടി നിരക്കുകളിലൂടെയോ നിരക്ക് വർധനവിനെ ഛത്തീസ്‌ഗഡ് അനുകൂലിക്കില്ലെന്നും ഛത്തീസ്‌ഢ് വാണിജ്യനികുതി മന്ത്രിയായ ടി.എസ് സിംഗ് ദിയോ വ്യക്തമാക്കി. നിരക്ക് വർധനയെ പിന്തുണക്കില്ലെന്ന് മധ്യപ്രദേശ് വാണിജ്യ നികുതി മന്ത്രി ബ്രജേന്ദ്ര സിംഗ് റാത്തോഡും പറഞ്ഞു.
പ്രതിമാസം 1.1 ലക്ഷം കോടി രൂപയായി ജിഎസ്‌ടി വരുമാനമുയർത്താനും നാല് മാസത്തിനിടെ ഒരു മാസം നികുതി വരുമാനം 1.25 ലക്ഷമായും ഉയർത്താനും സർക്കാർ തീരുമാനിച്ചിരുന്നു. സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തിയാൽ പ്രതിമാസ നികുതി വരുമാനം പുതിയ ലക്ഷ്യത്തിലെത്തുമെന്ന് നികുതി വിദഗ്‌ദർ പ്രതീക്ഷിക്കുന്നു.
വളർച്ചാ നിരക്കിന്‍റെ ഇടിവ് ജിഎസ്‌ടിയുടെ ശേഖരണത്തെയും സംസ്ഥാനങ്ങൾക്കുള്ള നഷ്‌ട പരിഹാര സെസിനെയും ബാധിച്ചു. ഓഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലെ നഷ്‌ടപരിഹാരം കാലതാമസത്തിനുശേഷം സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെങ്കിലും ഒക്ടോബർ, നവംബർ മാസങ്ങളിലെ ഫണ്ട് കേന്ദ്രം നൽകിയിട്ടില്ല.