ന്യൂഡൽഹി : 2021-ൽ നേടിയ റെക്കോർഡ് വിൽപ്പന മറികടന്ന് ഈ വർഷം ഇന്ത്യയിൽ വലിയ വളർച്ചയാണ് ലക്ഷ്യം വയ്‌ക്കുന്നതെന്ന് ഇറ്റാലിയൻ സൂപ്പർ സ്‌പോർട്‌സ് കാർ നിർമാതാക്കളായ ലംബോർഗിനി. ഇന്ത്യയിൽ 3.16 കോടി രൂപ മുതൽ വിലയുള്ള സൂപ്പർ ലക്ഷ്വറി കാറുകളാണ് ലംബോർഗിനി വിൽപ്പനക്കെത്തിക്കുന്നത്. 2019ൽ ഇന്ത്യയിൽ വിറ്റഴിച്ച 52 യൂണിറ്റുകൾ എന്ന റെക്കോഡ് 2021ൽ കമ്പനി മറികടന്നതായാണ് വിവരം.
കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ കണക്കുകൾ കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ലെങ്കിലും ആഗോളതലത്തിൽ 6,902 കാറുകളാണ് ലംബോർഗിനി വിതരണം ചെയ്തത്. അതേസമയം 2020 നെ അപേക്ഷിച്ച് 23 ശതമാനം വർധനവാണ് 2021ൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യാ പസഫിക് മേഖലയിൽ മാത്രം 8 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
'മറ്റ് വൻകിട രാജ്യങ്ങളെപ്പോലെത്തന്നെ ഇന്ത്യയിലും നമുക്ക് മികച്ച ട്രെന്‍ഡുണ്ട്. ഞങ്ങൾക്ക് നല്ല ഓർഡറുകളും ലഭിക്കുന്നുണ്ട്. അത് 2020ലേക്ക് ഞങ്ങൾക്ക് മികച്ച തുടക്കമാണ് നൽകുന്നത്', ലംബോർഗിനി ഇന്ത്യ ഹെഡ് ശരദ് അഗർവാൾ പറഞ്ഞു.
ALSO READ: ടിവിഎസിന്‍റെ വില്‍പ്പനയില്‍ 8% ഇടിവ്
'ഞങ്ങൾ തുടക്കം മുതൽ തന്നെ സ്ഥിരതയോടെ വിപണനം നടത്തുന്നുണ്ട്. 2020 ഒട്ടേറെ വ്യതിചലനങ്ങളുടെ ഒരു വർഷമായിരുന്നു. അതിനാൽ ചെറിയ ഇടിവുണ്ടായി. എന്നാൽ 2021ൽ അതിനെയെല്ലാം അതിജീവിച്ചു. 2022ൽ ഇതിലും മികച്ച വിപണി ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം', ശരദ് അഗർവാൾ പറഞ്ഞു.
ഇന്ത്യയിൽ 100-ാമത് ഉറുസ് കമ്പനി വിപണനം നടത്തി കഴിഞ്ഞു. 2021ൽ ഹുറാകാൻ ഇവോ ആർഡബ്ല്യുഡി സ്പൈഡർ, ഹുറാകാൻ എസ്‌ടിഒ, ഉറുസ് പേൾ ക്യാപ്‌സ്യൂൾ, ഉറുസ് ഗ്രാഫൈറ്റ് കാപ്‌സ്യൂൾ എന്നീ നാല് മോഡലുകൾ ഇന്ത്യയിൽ പുറത്തിറക്കി. കൂടാതെ ഇന്ത്യയിൽ 300 യൂണിറ്റുകളുടെ വിൽപ്പന എന്ന നാഴികക്കല്ലും ലംബോർഗിനി പിന്നിട്ടുകഴിഞ്ഞു.